വിദ്യാഭ്യാസം കാവിവത്കരിക്കുന്നതിൽ എന്താണ് തെറ്റ്? -ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂഡൽഹി: മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായും നിരാകരിക്കണമെന്ന് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തെക്കുറിച്ച് ഇത്രയധികം കോലാഹലങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടെന്നും ചോദിച്ചു. വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നുവെന്നാണ് ഞങ്ങൾക്കെതിരെയുള്ള ആരോപണം. അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ഹരിദ്വാറിലെ ദേവ് സംസ്കൃത വിശ്വ വിദ്യാലയത്തിൽ സൗത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കൊളോണിയൽ ചിന്താഗതി ഉപേക്ഷിച്ച് അവരുടെ ഇന്ത്യൻ അസ്ഥിത്വത്തിൽ അഭിമാനിക്കാൻ പഠിക്കാൻ രാജ്യത്തെ ജനം തയാറാവണം. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്ത്യൻവത്കരണമാണ് ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കേന്ദ്രബിന്ദുവെന്നും മാതൃഭാഷകളുടെ ഉന്നമനത്തിന് വളരെയധികം ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറ്റാണ്ടുകളുടെ കൊളോണിയൽ ഭരണം നമ്മെ ഒരു താഴ്ന്ന ജാതിയായി കാണാൻ പഠിപ്പിച്ചു. നമ്മുടെ സ്വന്തം സംസ്കാരത്തെയും പരമ്പരാഗത ജ്ഞാനത്തെയും പുച്ഛിക്കാൻ ജനത്തെ പഠിപ്പിച്ചു. ഇത് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ വളർച്ചയെ മന്ദഗതിയിലാക്കി. നമ്മുടെ വിദ്യാഭ്യാസ മാധ്യമമായി ഒരു വിദേശ ഭാഷ അടിച്ചേൽപ്പിക്കുന്നത്, വിദ്യാഭ്യാസത്തെ സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിലേക്ക് പരിമിതപ്പെടുത്തി. ഇത് ഒരു വലിയ ജനവിഭാഗത്തിന് വിദ്യാഭ്യാസത്തിനുള്ള അവകാശം ഇല്ലാതാക്കി. സ്വാതന്ത്ര്യത്തിന്‍റെ 75ാം വർഷത്തിൽ മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായും തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - 'What's Wrong with Saffronisation of Education?': Vice President Venkaiah Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.