സി​ദ്ദീ​ഖ്​ കാ​പ്പൻ

സിദ്ദീഖ് കാപ്പന് എപ്പോൾ പുറത്തിറങ്ങാനാകും?

ന്യൂഡൽഹി: യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജയിൽ മോചനം വൈകും. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് പുറത്തിറങ്ങാനാകു. ലഖ്നോ കോടതിയിലാണ് കേസുള്ളത്.

കേസ് മൂന്നു ദിവസത്തിനകം കോടതിയുടെ പരിഗണനക്കുവരുമെന്നും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാപ്പന്‍റെ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാകുന്നത്. യു.എ.പി.എ കേസിൽ അലഹബാദ് ഹൈകോടതിയുടെ ലഖ്നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്നു ദിവസത്തിനകം ജയിൽമോചിതനാക്കണമെന്നാണ് ജാമ്യ ഉത്തരവിൽ സുപ്രീംകോടതി യു.പി സർക്കാറിന് നിർദേശം നൽകിയത്. കാപ്പന്‍റെ അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപ ചൂണ്ടിക്കാട്ടിയാണ് ഇ.ഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തത്. ജയിലിൽനിന്ന് പുറത്തിറങ്ങി ആറാഴ്ച കാപ്പൻ ഡൽഹിയിൽ തങ്ങണം. തുടർന്ന് കേരളത്തിലേക്ക് പോകാമെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലെത്തിയാൽ എല്ലാ തിങ്കളാഴ്ചയും ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കാപ്പന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - When can Siddiq Kappan be released?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.