ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അർണബ് ഗോസ്വാമി അറസ്റ്റിലായതിനുപിന്നാലെ വിമർശനവുമായി രംഗത്തിറങ്ങിയ ബി.ജെ.പിക്ക് ഇൗ പേരുകൾ ഒാർമയുണ്ടോ എന്ന് നെറ്റിസൺസ്. ഇപ്പോൾ മാത്രമാണോ അടിയന്തിരാവസ്ഥയെ ഒാർമവന്നതെന്നും കഴിഞ്ഞുപോയ മാസങ്ങളിൽ ഇൗ മാധ്യമപ്രവർത്തകർ ജയിലിലായപ്പോൾ നിങ്ങൾ എവിടെയായിരുന്നെന്നും അവർ ചോദിക്കുന്നു. നിലവിൽ ജയിലിലുള്ള സിദ്ദീഖ് കാപ്പൻ ഉൾപ്പടെയുള്ളവരുടെ പേരുകൾ എടുത്തുപറഞ്ഞാണ് നെറ്റിസൺസ് രോഷംകൊള്ളുന്നത്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കർ എന്നിവരുൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ അർണബ് ഗോസ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള മഹാരാഷ്ട്ര സർക്കാരിെൻറ കടന്നുകയറ്റം, അടിയന്തരാവസ്ഥക്കാലത്തേതുപോലുള്ള നടപടി എന്നൊക്കെയാണ് ഇവർ പൊലീസ് നടപടിയെ വിശേഷിപ്പിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തോടുള്ള നേതാക്കളുടെ ആശങ്ക പ്രശംസനീയമാണെങ്കിലും, ഇന്ത്യയിലുടനീളമുള്ള ബിജെപി സർക്കാരുകൾ നിരവധി മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇൗ മന്ത്രിമാരൊന്നും അത്തരം കേസുകളിൽ സംസാരിച്ചിട്ടില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകരുടെ പട്ടികയും ചിലർ പുറത്തിറക്കിയിട്ടുണ്ട്. ഇവർക്കുവേണ്ടിയും ബി.ജെ.പിക്കാർ പ്രതിഷേധിക്കണമെന്നും നെറ്റിസൺസ് ആവശ്യപ്പെട്ടു.
1.സിദ്ദീഖ് കാപ്പൻ
മലയാളം വാർത്താ പോർട്ടലായ അഴിമുഖത്തിെൻറ റിപ്പോർട്ടറായ കാപ്പനെ ഒക്ടോബർ അഞ്ചിനാണ് പൊലീസ് പിടികൂടിയത്. ദലിത് പെൺകുട്ടിയുടെ ബലാത്സംഗവും കൊലപാതകവും നടന്ന ഹാഥറസിലേക്ക് പോകുന്നതിനിടെയാണ് ഉത്തർപ്രദേശ് പോലീസ് അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്. യു.എ.പി.എ ചുമത്തിയും സംസ്ഥാന സർക്കാരിനെതിരെ 'ഗൂഢാലോചന' നടത്തി എന്ന് കള്ളക്കേസുണ്ടാക്കിയുമാണ് ഇദ്ദേഹത്തെ ഇപ്പോഴും ജയിലിൽ അടച്ചിരിക്കുന്നത്.
2. കിഷോർചന്ദ്ര വാങ്വിം
ബിജെപി നേതാവിെൻറ ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മണിപ്പൂരി മാധ്യമപ്രവർത്തകനാണ് കിഷോർചന്ദ്ര വാങ്വിം. ഈ വർഷം ഒക്ടോബറിലായിരുന്നു അറസ്റ്റ്. ഇത് രണ്ടാം തവണയാണ് വാങ്വിം അറസ്റ്റിലാകുന്നത്. 2018 ലും ആർഎസ്‌എസ്, മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരെ അഭിപ്രായം പറഞ്ഞതിന് അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 2019ൽ ഹൈക്കോടതി അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ റദ്ദാക്കി.
3. പ്രശാന്ത് കനോജിയ
ദി വയർ ഹിന്ദിയുടെ റിപ്പോർട്ടറായിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ കനോജിയയെ രണ്ട് വർഷത്തിനിടെ രണ്ടുതവണ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് തവണയും സർക്കാർ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയത്. അദ്ദേഹത്തിെൻറ ട്വീറ്റുകൾക്കെതിരായാണ് കേസെടുത്തത്. രണ്ട് കേസുകളിലും കോടതി അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
4. രാജിബ് ശർമ്മ
ജില്ലാ വനം ഉദ്യോഗസ്ഥെൻറ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ജൂലൈ 16 നാണ് അസമീസ് ജേണലിസ്റ്റും ഡി വൈ 365െൻറ ലേഖകനുമായ ശർമ്മയെ അറസ്റ്റ് ചെയ്തത്. കന്നുകാലി കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥെൻറ ബന്ധത്തെക്കുറിച്ച് ശർമ്മ അന്വേഷിക്കുകയായിരുന്നു. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് അറസ്റ്റുമായി ബന്ധപ്പെട്ട കേസ് സി.െഎ.ഡി വിഭാഗത്തിന് കൈമാറി സർക്കാർ ഉത്തരവിട്ടു.
5. ധവാൽ പട്ടേൽ
ഗുജറാത്തിയിലെ ന്യൂസ് പോർട്ടലിെൻറ എഡിറ്ററായ ധവാൽ പട്ടേലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മെയ് ആദ്യമായിരുന്നു അറസ്റ്റ്. സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനിയെക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്നായിരുന്നു നടപടി. അറസ്റ്റിലായി ആഴ്ചകൾക്ക് ശേഷം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
6. നരേഷ് ഖോഹാൽ
ഹരിയാനയിലെ ജാജ്ജറിൽ നിന്നുള്ള ഹിന്ദി ദിനപത്രത്തിെൻറ ഫോട്ടോ ജേർണലിസ്റ്റായിരുന്നു നരേഷ് ഖോഹൽ. ഇദ്ദേഹത്തോട് വിരോധമുണ്ടായിരുന്ന പ്രാദേശിക പോലീസ്, അയൽക്കാർക്ക് ശല്യമുണ്ടാക്കുന്നെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നും പറഞ്ഞാണ് നരേഷിനെതിരേ കേസെടുത്തത്. ഒരു മാസത്തിനുശേഷം അന്വേഷണത്തിൽ അദ്ദേഹത്തിെൻറ അറസ്റ്റ് തെറ്റാണെന്ന് കണ്ടെത്തി വെറുതേവിടുകയായിരുന്നു.
7. രാഹുൽ കുൽക്കർണി
മുംബൈ ആസ്ഥാനമായുള്ള പത്രപ്രവർത്തകനും പ്രമുഖ മറാത്തി വാർത്താ ചാനലായ എ.ബി.പി മസാ എക്സിക്യൂട്ടീവ് എഡിറ്ററുമായ കുൽക്കർണിയെ ഏപ്രിലിലാണ് അറസ്റ്റുചെയ്തത്. വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. നാലുമാസത്തിനുശേഷം അദ്ദേഹത്തെ എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി ഒഴിവാക്കുകയായിരുന്നു.
8. രാജീവ് ശർമ
രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടുന്ന ഒരു 'സ്പൈ റിങ്ങിെൻറ' ഭാഗമാണെന്ന് പറഞ്ഞ് സെപ്റ്റംബറിൽ ദില്ലി പോലീസ് സ്വതന്ത്ര മാധ്യമപ്രവർത്തകനായ രാജീവ് ശർമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒൗദ്യോഗിക രഹസ്യ നിയമപ്രകാരമായിരുന്നു നടപടി. ശർമയുടെ അറസ്റ്റിനെ മാധ്യമപ്രവർത്തകരുടെ സംഘടനകൾ ചോദ്യം ചെയ്തിരുന്നു.
9. സെവാങ് റിഗ്സിൻ
സ്റ്റേറ്റ് ടൈംസിെൻറ ലേഖകൻ സെവാങ് റിഗ്സിൻ സെപ്റ്റംബർ അഞ്ചിനാണ് അറസ്റ്റിലായത്. ബി.ജെ.പി എം.പി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ഫേസ്ബുക്കിൽ തനിക്കെതിരെ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് എം.പി പരാതി നൽകിയത്. കേസിൽ അന്നു തന്നെ സെവാങിന് ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.