ന്യൂഡൽഹി: ട്രാക്ടർ പരേഡിനിടെ ഒരുസംഘം നടത്തിയ അക്രമങ്ങളുടെ പേരിൽ കർഷക പ്രക്ഷോഭത്തിൽ നിന്ന് പിൻമാറുകയാണെന്ന് വാർത്താ സമ്മേളനം നടത്തിയ രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘതന്‍റെയും നേതാവായ വി.എം. സിങ്ങിന്‍റെയും നിലപാട് എന്താണെന്ന് പരിശോധിക്കുകയാണ് സമരത്തെ സജീവമായി നിരീക്ഷിക്കുന്ന മലയാളിയായ കെ. സഹദേവൻ. നേരത്തെ ആൾ ഇന്ത്യാ കിസാൻ സംഘർഷ് സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി (AIKSCC)യുടെ കൺവീനറായിരുന്ന വി.എം. സിങ്ങിനെ ആ സ്ഥാനത്ത് നിന്ന് ഡിസംബറിൽ പുറത്താക്കിയിരുന്നു. സമരസമിതിയുടെ അനുമതിയില്ലാതെ സർക്കാരുമായി ഒത്തുതീർപ്പ് ചർച്ച നടത്താൻ മുന്നിട്ടിറങ്ങിയതിനായിരുന്നു പ്രസ്തുത നടപടി.
പ്രക്ഷോഭത്തിൽ നിന്ന് പിൻവാങ്ങിയ സംഘടന ആര്?
കർഷക സമരത്തിൽനിന്ന് പിന്മാറിയെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടനും അതിന്‍റെ നേതാവായ വി.എം. സിങ്ങും നേരത്തെ തന്നെ സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് അകന്ന് നിന്ന് പ്രവർത്തിക്കുന്നവരാണ്. അദ്ദേഹം നേതൃത്വം നൽകുന്ന ആൾ ഇന്ത്യാ സംഘർഷ് കമ്മിറ്റി (AIKSC)യും ആൾ ഇന്ത്യാ കിസാൻ സംഘർഷ് സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി (AIKSCC)യും രണ്ടാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ദില്ലി ചലോ മൂവ്മെന്‍റ് ദില്ലി അതിർത്തികളിൽ എത്തിയ സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യർത്ഥന മാനിച്ച് ദില്ലിയിൽ സർക്കാർ അനുവദിച്ച ഗ്രൗണ്ടിലേക്ക് പ്രക്ഷോഭകർ നീങ്ങണമെന്ന് ആവശ്യപ്പെട്ടതും ഇതേ വി.എം.സിങ്ങ് ആണ്. ആവശ്യങ്ങൾ നേടാതെ ദില്ലി വിടില്ലെന്ന പ്രഖ്യാപനവുമായി ഏകോപന സമിതിയിലെ എല്ലാ സംഘടനകളും ഒരുമയോടെ സമരരംഗത്തുണ്ട്.
സമരത്തിന്‍റെ അടുത്ത ഘടത്തെ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉടനുണ്ടാകും.
യോഗേന്ദ്ര യാദവ് അടക്കമുള്ള നേതാക്കളെ പോലീസ് ഡീറ്റെൻ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.