ഹൈദരബാദ്: നവംബർ 30ന് നടക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിൽ ഇത്തവണയും മുസ്ലിം വോട്ടുകൾ നിർണായകമാകും. 119 മണ്ഡലങ്ങളിൽ 45 ഇടത്തെ വിധി നിർണയിക്കാൻ മുസ്ലിം വോട്ടർമാർക്കാകുമെന്നതിനാൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്)യും കോൺഗ്രസും ഒരുപോലെ മുസ്ലിം വോട്ടുകൾക്കായുള്ള ശ്രമത്തിലാണ്.
മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന്റെ (എം.ഐ.എം) പിന്തുണയും മതനിരപേക്ഷ മുഖവും ബി.ആർ.എസിന് അനുകൂലമാണ്. എന്നാൽ തെലങ്കാനയിൽ കർണാടക ആവർത്തിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. കർണാടകയിൽ മുസ്ലിംകൾ കൈയ് മെയ് മറന്നാണ് കോൺഗ്രസിനെ പിന്തുണച്ചത്.
സംസ്ഥാനത്തെ ആകെ ജനസംഖ്യ 3.26 കോടി വരും. ഇതിലെ 14 ശതമാനമാണ് ന്യൂനപക്ഷ ജനസംഖ്യ. അതിൽ മുസ്ലിംകൾ മാത്രം 12.7 ശതമാനമാണ്. ക്രിസ്ത്യാനികൾ 1.3 ശതമാനം. എം.ഐ.എമ്മിന്റെ കൈവശമുള്ള ഹൈദരബാദിലെ ഏഴ് മണ്ഡലങ്ങളിൽ മുസ്ലിം വോട്ടർമാർ മൊത്തം വോട്ടർമാരുടെ പകുതിയോ അതിൽ കൂടുതലോ ആണ്.
2009ലെ മണ്ഡല വിഭജനത്തിനുമുമ്പ് എം.ഐ.എമ്മിന് അഞ്ചു സീറ്റുകളാണുണ്ടായിരുന്നത്. പിന്നീടത് ഏഴായി. ഹൈദരബാദിന് പുറത്ത് 29 മണ്ഡലങ്ങളിലാണ് കാര്യമായ മുസ്ലിം വോട്ടുള്ളത്. നൈസാമാബാദ് അർബൻ, സഹീറാബാദ്, ബോധാൻ, മെഹ്ബൂബ്നഗർ, സംഗറെഡ്ഡി, ആദിലാബാദ്, വാറംഗൽ ഈസ്റ്റ്, കരീംനഗർ, ബൻസ്വാഡ, ടൻഡൂർ, വികാരാബാദ്, നിർമൽ, മുധോലെ എന്നിവിടങ്ങളിൽ 15 ശതമാനത്തിൽ കൂടുതൽ മുസ്ലിം വോട്ടർമാരുണ്ട്.
നാലു ദശാബ്ദമായി ഹൈദരബാദിലെ തങ്ങളുടെ ഉരുക്കുകോട്ടകൾ നിലനിർത്താനാണ് എം.ഐ.എം ശ്രമിക്കുന്നത്. ഐക്യ ആന്ധ്രയിൽ അവർ കോൺഗ്രസിനെയായിരുന്നു പിന്തുണച്ചുപോന്നത്. കേന്ദ്രത്തിലെ യു.പി.എ സർക്കാറിനും പിന്തുണ നൽകി. എന്നാൽ, 2009ൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണശേഷമുണ്ടായ സംഭവ വികാസങ്ങൾക്കുപിന്നാലെ 2011ൽ എം.ഐ.എയുടെ കോൺഗ്രസ് ബാന്ധവം അവസാനിച്ചു.
അവർ മറ്റു സംസ്ഥാനങ്ങളിലും സ്ഥാനാർഥികളെ നിർത്തിത്തുടങ്ങി. ഇതോടെ മതേതര വോട്ടുകൾ ഭിന്നിച്ച് ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാൻ എം.ഐ.എം കാരണമാകുന്നുവെന്ന് കോൺഗ്രസും മറ്റ് മതേതര കക്ഷികളും പരസ്യ വിമർശനം ഉയർത്തി.
എം.ഐ.എം ആന്ധ്ര വിഭജനത്തിന് അനുകൂലമല്ലായിരുന്നു. പക്ഷേ തെലങ്കാന രൂപവത്കരണത്തിനു ശേഷം അവർ ബി.ആർ.എസുമായി അടുത്തു. തങ്ങൾ മത്സരരംഗത്തില്ലാത്ത മണ്ഡലങ്ങളിലെല്ലാം ബി.ആർ.എസിനെ പിന്തുണക്കണമെന്നാണ് വോട്ടർമാരോട് എം.ഐ.എമ്മിന്റെ അഭ്യർഥന.
രാജ്യമെമ്പാടും പലവിധ മുസ്ലിം വിരുദ്ധ സംഭവങ്ങൾ നടമാടിയപ്പോഴും കെ.എസി.ആർ ഭരണകൂടത്തിന് മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി എന്നത് ഇത്തവണയും അവർക്ക് മുസ്ലിം അനുകൂല സാഹചര്യത്തിനുള്ള കാരണങ്ങളിലൊന്നാണ്. എം.ഐ.എമ്മിന്റെ ഏഴു മണ്ഡലങ്ങൾ ഒഴിച്ചാൽ കോൺഗ്രസ് പട്ടികയിൽ രണ്ട് മുസ്ലിം സ്ഥാനാർഥികളാണുള്ളത്.
ജൂബിലി ഹിൽസിൽ കോൺഗ്രസിന്റെ താരസ്ഥാനാർഥി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനാണ്. സിറ്റിങ് എം.എൽ.എ മുഹമ്മദ് ഷകീർ ആമിറിന് ബോധാനിൽ ബി.ആർ.എസ് വീണ്ടും ടിക്കറ്റ് നൽകിയിട്ടുണ്ട്. ഇത്തവണ മുസ്ലിം വോട്ടുകൾ കോൺഗ്രസിനും ബി.ആർ.എസിനുമിടയിൽ ഭിന്നിക്കുമെന്നാണ് വിലയിരുത്തൽ.
മുസ്ലിം സാമൂഹിക സംഘടനകളുടെ കൂട്ടായ്മയായ ‘മുസ്ലിം യുനൈറ്റഡ് ഫോറ’ത്തിന്റെ പിന്തുണയും ഇത്തവണ ബി.ആർ.എസിനാണ്. ജംഇയ്യത്തുൽ ഉലമ, തഹ്രീകെ മുസ്ലിം ഷബാൻ തുടങ്ങിയവർ കോൺഗ്രസിനാണ് പിന്തുണ നൽകുന്നത്. ജമാഅത്തെ ഇസ്ലാമി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലെത്തിയ തെലങ്കാനയിൽ ചെന്നൂർ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി വിവേക് വെങ്കടസ്വാമിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന.
ഈയിടെ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നയാളാണ് വിവേക്. ഹവാല ബന്ധമുള്ള വിദേശ നാണ്യ വിനിമയ ചട്ട ലംഘനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്നാണ് ഇ.ഡി അധികൃതർ അവകാശപ്പെടുന്നത്.
തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ അന്വേഷണം ആരംഭിച്ചതെന്നാണ് ഇ.ഡി പറയുന്നത്. വിവേക് വെങ്കിടസ്വാമിയുമായി ബന്ധമുള്ളവർ പ്രമോട്ടർമാരായ കമ്പനിയുടെ എട്ടു കോടിയുടെ ബാങ്ക് ഇടപാടാണ് അന്വേഷിക്കുന്നതേത്ര.
ആദ്യം കോൺഗ്രസിലായിരുന്ന വിവേക് പിന്നീട് ബി.ആർ.എസിലും പിന്നീട് ബി.ജെ.പിയും ചേർന്നു. അവിടെ നിന്നാണ് കോൺഗ്രസിലേക്ക് മടങ്ങിയത്. 600 കോടിയിലേറെ ആസ്തിയുള്ള വിവേക് തെലങ്കാനയിൽ ഇത്തവണ മത്സരിക്കുന്ന ഏറ്റവും സമ്പന്ന സ്ഥാനാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.