വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ തിരുത്തൽ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ പോകുന്നത് ബി.ജെ.പിയോ പ്രതിപക്ഷമോ?
സർക്കാറിനെതിരായ വികാരം ശമിപ്പിച്ച് ആസന്നമായ യു.പി, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ അടക്കം പ്രയോജനപ്പെടുത്താമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. പടിഞ്ഞാറൻ യു.പിയിലെയും ഹരിയാനയിലെയും ജാട്ട് വിഭാഗക്കാരുടെയും പഞ്ചാബിലെ സിഖ് ജനതയുടെയും നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കുകയാണ് പ്രഖ്യാപനത്തിെൻറ പ്രധാന രാഷ്ട്രീയ ലക്ഷ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ മാത്രമല്ല, രണ്ടു വർഷത്തിനപ്പുറത്തെ ലോക്സഭ തെരഞ്ഞെടുപ്പിലും അത് പ്രധാനമാണ്.
2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലും പിന്തുണച്ച ജാട്ട്, സിഖ് വിഭാഗങ്ങൾ ബി.ജെ.പിക്കെതിരെ ൈകകോർത്തു നിൽക്കുന്നതാണ് നിലവിലെ സാഹചര്യം. അതിനു നിമിത്തമായത് കാർഷിക നിയമങ്ങളാണ്. പഞ്ചാബിലെ പ്രധാന സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞു. പടിഞ്ഞാറൻ യു.പിയിൽ രാകേശ് ടികായത്തിെൻറ നേതൃത്വത്തിൽ ജാട്ടുകൾ എതിരായി. ഹരിയാനയിലും ജാട്ട് വോട്ടിെൻറ അടിത്തറയുള്ള സഖ്യകക്ഷികൾ വഴിപിരിയലിെൻറ വക്കിലാണ്.
സ്വന്തം വോട്ടുബാങ്ക് നഷ്ടപ്പെടുമെന്നതു തന്നെ അവരുടെ പ്രധാന പ്രശ്നം. തിരിച്ചടി നേരിടേണ്ടി വരുമെന്ന കടുത്ത ആശങ്ക യു.പിയിലെ പല ബി.ജെ.പി എം.പിമാരും നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റു വിഷയങ്ങളിൽ നിന്ന് ഭിന്നമായി, കർഷക വിഷയത്തിൽ തിരുത്തൽ അനിവാര്യമായത് ഈ സാഹചര്യങ്ങളിലാണ്. കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ മുൻമുഖ്യമന്ത്രി അമരീന്ദർസിങ്ങുമായി ചേർന്ന് പഞ്ചാബിൽ മത്സരിക്കാമെന്നും ഭാവിയിൽ പിണക്കം തീർത്ത് ശിരോമണി അകാലിദളിനെ ഒപ്പം കൂട്ടാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്.
അതേസമയം, കാർഷിക നിയമങ്ങളിൽ സംഭവിച്ച പാളിച്ച മോദിസർക്കാറിെൻറ ജനവിരുദ്ധതക്കും ഭരണവൈകല്യങ്ങൾക്കും പുതിയ ഉദാഹരണമായി ഉയർത്തിക്കാട്ടി മുന്നോട്ടു നീങ്ങാനുള്ള അവസരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ കണക്കു കൂട്ടുന്നു. കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്ന ഭരണവിരുദ്ധ വികാരത്തിൽ നിന്ന് സർക്കാറിനെതിരായ പടപ്പുറപ്പാടിന് ഊർജം ആവാഹിക്കാമെന്ന് പല പ്രതിപക്ഷ പാർട്ടി നേതാക്കളും കരുതുന്നു.
നോട്ട് നിരോധനം മുതൽ കോവിഡ് മഹാമാരി നേരിടുന്നതു വരെയുള്ള കാര്യങ്ങളിലെ ഭരണപരമായ വീഴ്ചകൾ കാലാകാലങ്ങളിൽ പുറത്തു വന്നിട്ടുണ്ടെങ്കിലും, അതിനെതിരായ ജനവികാരം സമാഹരിക്കുന്നതിൽ ഐക്യമില്ലാത്ത പ്രതിപക്ഷം പരാജയപ്പെടുകയായിരുന്നു. വീഴ്ച പറ്റിയ മോദിസർക്കാറിെൻറ ആദ്യത്തെ പ്രത്യക്ഷ തിരുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കർഷകരിലൂടെ ഗ്രാമങ്ങളിൽ ബി.ജെ.പിക്കെതിരായ വികാരം ഉയർന്നത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കുന്നുണ്ട്. എന്നാൽ യോജിച്ച മുന്നേറ്റത്തിന് എത്രത്തോളം പ്രതിപക്ഷ പാർട്ടികൾക്ക് സാധിക്കുന്നുവെന്നത് പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.