ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകർ നടത്തുന്ന സമരത്തിന് പിന്നിൽ ചൈനീസ് ഇടപെടലുണ്ടെന്ന ആരോപണവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ മൂന്നാംതവണയും അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം തന്‍റെ ലേഖനത്തിൽ ആരോപിച്ചു.
2020ൽ രാജ്യത്ത് നടന്ന സമരം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതോടെ അവസാനിച്ചതാണെന്ന് കട്ജു ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പഞ്ചാബിലെ കർഷകർ വീണ്ടും സമരവുമായി വന്നിരിക്കുകയാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില വേണമെന്നാണ് ഇവരുടെ ആവശ്യം. സംയുക്ത കിസാൻ മോർച്ചയും മറ്റ് സംഘടനകളുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ, ഈ സംഘടനകൾക്ക് പിന്നിൽ ആരാണെന്നത് ഉത്തരം തേടേണ്ട ചോദ്യമാണ് -ജസ്റ്റിസ് കട്ജു പറയുന്നു.
ചൈനയാണ് കർഷക സമരത്തിന് പിന്നിൽ ഇടപെടുന്നതെന്ന വിചിത്ര വാദമാണ് ജസ്റ്റിസ് കട്ജു ഉയർത്തുന്നത്. ഈ വാദത്തിന് പ്രത്യക്ഷ തെളിവുകളില്ലെങ്കിലും യുക്തിസഹമായ സാഹചര്യത്തെളിവുകൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് അദ്ദേഹം പറയുന്നു.
യു.എസും ചൈനയും തമ്മിലാണ് ലോകത്ത് മത്സരം നടക്കുന്നത്. ചൈന ഒരു സൂപ്പർ പവറായി ഉയർന്നുവരികയാണ്. എന്നാൽ, മോദി സർക്കാർ ഇന്ത്യയെ അമേരിക്കൻ പക്ഷത്തേക്ക് നയിച്ചു. ഏഷ്യയിൽ ചൈനക്കെതിരെ എതിർപ്പുകൾ ആവശ്യമാണെന്നതിനാൽ യു.എസ് ഇന്ത്യയെ സ്വാഗതം ചെയ്തു. ഇന്ത്യയും യു.എസും തമ്മിലെ കൂട്ടുകെട്ട് ചൈനക്ക് കടുത്ത നീരസമുണ്ടാക്കി.
വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയും ഗ്യാൻവാപി, മഥുര ശാഹി പള്ളികളിലെ സംഭവവികാസങ്ങളുമെല്ലാം ബി.ജെ.പിയുടെ മൂന്നാമൂഴത്തിന് അടിത്തറയിടുന്നതാണ്.
ഇന്ത്യയിലെ ഈ സാഹചര്യം ചൈനക്ക് അസഹനീയമാണ്. ബി.ജെ.പിയെ കടുത്ത അമേരിക്കൻ അനുകൂല പാർട്ടിയായാണ് ചൈന കാണുന്നത്. ഇതാണ് കർഷക പ്രക്ഷോഭം നയിക്കുന്ന ഗ്രൂപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ചൈനയാണെന്ന് താൻ ഊഹിക്കാൻ കാരണമെന്ന് ജസ്റ്റിസ് കട്ജു പറയുന്നു. ഇത്തരമൊരു വിചിത്രമായ അവകാശവാദത്തിന് എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിച്ചാൽ, യുക്തിസഹമായ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സാഹചര്യത്തെളിവുകളാണ് ഉള്ളതെന്ന് ഞാൻ പറയും.
വരുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് അമേരിക്കൻ അനുകൂല ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നതിനെ ചൈനക്കാർ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനം വരുന്ന കർഷകരെ സമരരംഗത്തിറക്കുന്നതിനേക്കാൾ മികച്ച മാർഗം വേറെന്തുണ്ട്? അതാണ് ഇപ്പോൾ നടക്കുന്നതെന്നും ജസ്റ്റിസ് കട്ജു ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.