മുംബൈ: കുശാഗ്രബുദ്ധിയുള്ള കുറ്റാന്വേഷകൻ, ഏറ്റുമുട്ടൽ വിദഗ്ദൻ, സൈബർ വിഷയങ്ങളിൽ ജ്ഞാനി, എഴുത്തുകാരൻ അങ്ങിനെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും വിവാദങ്ങളുടെയും തോഴനാണ് മുംബൈ പൊലിസിലെ വിവാദ അസി. ഇൻസ്പെക്ടർ സച്ചിൻ വാസെ എന്ന സച്ചിൻ ഹിന്ദുറാവു വാസെക്ക്. മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കൊണ്ടിട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു ഇപ്പോൾ. 16 വർഷത്തെ സസ്പെൻഷന് ശേഷം ജോലിയിൽ തിരിച്ചെത്തി ഒമ്പത് മാസം തികയും മുമ്പാണ് വീണ്ടും അറസ്റ്റ്. 2002 ലെ ഘാട്കൂപ്പർ സ്ഫോടന കേസിൽ അറസ്റ്റിലായ സോഫ്റ്റ്വെയർ എഞ്ചിനീയർ ഖ്വാജ യൂനുസിന്‍റെ കസ്റ്റഡി മരണത്തിൽ 2004 ലാണ് സച്ചിൻ വാസെ ആദ്യം അറസ്റ്റിലായത്.
നക്സൽ കേന്ദ്രമെന്ന് വിളിക്കപ്പെട്ട ഗഡ്ചിറോളിയിൽ 1990 ലായിരുന്നു സബ് ഇൻസ്പെക്ടറായി സച്ചിന്‍ വാസെയുടെ പൊലിസ് ജീവിതത്തിന് തുടക്കം. രണ്ട് വർഷത്തിന് ശേഷം താണെയിലെത്തി. അവിടെ വെച്ചാണ് മികച്ച കുറ്റാന്വേഷകനായി പേരെടുക്കുന്നത്. അതോടെ, താണെ ക്രൈം ബ്രാഞ്ചിന്‍റെ സ്പെഷ്യൽ സ്ക്വാഡിൽ ഇടം നേടി. 300 ലേറെ പേരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പ്രതീപ് ശർമയുടെ ആൻറി എക്സ്റ്റോർഷൻ സെല്ലിൽ അദ്ദേഹത്തിന്‍റെ അരുമ ശിഷ്യനായി സച്ചിൻ വീണ്ടും വളർന്നു. ഛോട്ടാ രാജൻ സംഘത്തിലെ പ്രധാനി മുന്ന നേപ്പാളി (2006 ൽ) അടക്കം 63 കുറ്റവാളികളെയാണ് സച്ചിൻ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. സച്ചിന്‍റെ ഏറ്റുമുട്ടൽ കൊലപാതക കാലം 'രെഗെ' എന്ന പേരിൽ മറാത്തി ചിത്രമായി.
മുംബൈ ക്രൈംബ്രാഞ്ചിന്‍റെ പവായ് യൂണിറ്റിൽ എത്തിയ ശേഷം 2003 ലാണ് സച്ചിൻ വാസെയുടെ കസ്റ്റഡിയിൽ വെച്ച് ഖ്വാജ യൂനുസ് മരിക്കുന്നത്. നഗ്നനാക്കി യൂനുസിനെ മർദ്ദിക്കുന്നതും രക്തം വാർന്ന് അവശനാകുന്നതും സഹ പ്രതി ഡോ. അൽ മതീൻ കണ്ടിരുന്നു. മതീൻ യൂനുസിന്‍റെ നില ഗുരുതരമാണെന്ന് പൊലിസിനോട് പറയുകയും ചെയ്തു. എന്നാൽ, പിന്നീട് യൂനുസിനെ കാണാതായി. തെളിവെടുപ്പിന് ഒൗറംഗാബാദിലേക്ക് പോകും വഴി വാഹനാപകടമുണ്ടായി യൂനുസ് രക്ഷപ്പെട്ടെന്നാണ് പിന്നീട് കേട്ടത്. ഒൗറംഗാബാദിലേക്ക് കൊണ്ടുപോയ സംഘത്തിൽ സച്ചിനുമുണ്ടായിരുന്നു. എന്നാൽ, കസ്റ്റഡിയിൽ താൻ കണ്ടത് ഡോ. അൽ മതീൻ കോടതിയിൽ പറയുകയും യൂനുസിന്‍റെ മാതാവ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകുകയും ചെയ്തതോടെ സി.െഎ.ഡി അന്വേഷണത്തിന് ഉത്തരവിട്ടു. സച്ചിനടക്കം നാല് പൊലിസ് ഉദ്യോഗസ്ഥരെ സി.െഎ.ഡി അറസ്റ്റും ചെയ്തു. ഇതോടെയാണ് 2004 ൽ സസ്പെൻഷനിലാകുന്നത്. കേസിൽ വിചാരണ പൂർത്തിയായിട്ടില്ല.
2007 ൽ സച്ചിൻ രാജി കത്ത് നൽകിയെങ്കിലും സ്വീകരിച്ചിരുന്നില്ല. 2008 ൽ ശിവസേനയിൽ ചേർന്ന സച്ചിൻ കുറഞ്ഞ കാലം പാർട്ടിയിൽ പ്രവർത്തിച്ചു. ശേഷം പുസ്തകമെഴുത്ത്, സോഫ്റ്റ്േവർ വികസിപ്പിക്കൽ, പുസ്തകങ്ങൾക്കും സിനിമകൾക്കും ഗവേഷണ സഹായങ്ങൾ നൽകൽ തുടങ്ങി സച്ചിൻ തിരിക്കിലായി. ശിവസേന അധികാരത്തിൽ വന്നതോടെയാണ് കഴിഞ്ഞ ജൂണിൽ സച്ചിനെ സർവീസിൽ തിരിച്ചെടുത്തത്. നേരെ ക്രൈം ഇൻറലിജൻസ് യൂണിറ്റിലായിരുന്നു നിയമനം.
അർണബ് ഗോസ്വാമിക്ക് എതിരായ അൻവെ നായിക് ആത്ഹമത്യ , ടി.ആർ.പി തട്ടിപ്പ് എന്നീ കേസുകളിൽ സച്ചിൻ വാസെയുടെ അന്വേഷണം അർണബിനെയും ബി.ജെ.പിയെയും ചൊടിപ്പിച്ചു. അൻവെ നായിക് കേസിൽ അർണബിനെ അറസ്റ്റ് ചെയ്ത സംഘത്തെ നയിച്ചത് സച്ചിനായിരുന്നു. ടി.ആർ.പി തടിപ്പ് കേസിൽ കേന്ദ്ര സർക്കാറിനെയാകെ പ്രതികൂട്ടിലാക്കുന്ന തെളിവുകളാണ് സച്ചിൻ കണ്ടെത്തിയത്. അർണബിന് അറസ്റ്റിൽ നിന്ന് ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയതിനാൽ അവസരത്തിനായി കാത്തു നിൽക്കുകയായിരുന്നു. കേസ് അന്വേഷണ പുരോഗമിക്കുന്നതിനിടെ അർണബ് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് മാറിയതും ചർച്ചയായിരുന്നു.
അംബാനിയുടെ ഭീഷണി കേസിലും സ്കോർപിയോ ഉടമ മൻസുഖ് ഹിരേന്‍റെ ദുരൂഹമരണത്തിലും ബി.ജെ.പി സച്ചിൻ വാസെക്കും ശിവസേന സർക്കാറിനുമെതിരെ അക്രമാസക്തമായതും അർണബ് കേസിന്‍റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തൽ. ശിവസേന സർക്കാറിനെ വകവെക്കാതെയാണ് കേന്ദ്രം ഭീഷണി കേസ് എൻ.െഎ.എക്ക് കൈമാറിയത്. കേസേറ്റെടുത്ത് ഒരാഴ്ച തികയും മുമ്പെ എൻ.െഎ.എ സച്ചിനെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.