സഞ്ജീവ് മുഖിയ, നീറ്റ് ക്രമക്കേടിനെത്തുടർന്ന് നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിലൊന്ന്

നീറ്റിനു മുമ്പ് ബിഹാർ പി.എസ്.സിയിലും ക്രമക്കേട് നടത്തി; ആരാണ് സഞ്ജീവ് മുഖിയ?

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ക്രമക്കേട് നടന്ന സംഭവത്തിൽ ആഴ്ചകളായി വിദ്യാർഥി പ്രക്ഷോഭം തുടരുകയാണ്. ഓരോ ദിവസവും അന്വേഷണ സംഘം പുറത്തുവിടുന്ന വിവരങ്ങൾക്കൊപ്പം വിദ്യാർഥികളുടെ വെളിപ്പെടുത്തലുകളും ക്രമക്കേടിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. അതിനിടെയാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ സൂത്രധാരൻ ബിഹാർ സ്വദേശിയായ സഞ്ജീവ് മുഖിയ ആണെന്ന വിവരം അന്വേഷണ ഏജൻസി പുറത്തുവിടുന്നത്.

ബിഹാറിലെ നാളന്ദ ജില്ലയിൽനിന്നുള്ള, സഞ്ജീവ് സിങ് എന്നും അറിയപ്പെടുന്ന സഞ്ജീവ് മുഖിയ മറ്റുപല പരീക്ഷാത്തട്ടിപ്പുകളിലും ഭാഗമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. റിപ്പോർട്ടുകൾ പ്രകാരം, പരീക്ഷാത്തട്ടിപ്പുകളിൽ സഞ്ജീവിനുള്ള പങ്കിന് രണ്ട് പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. നേരത്തെ നാളന്ദ കോളജിന്‍റെ നൂർസരായ് കാമ്പസിൽ ടെക്നിക്കൽ അസിസ്റ്റന്‍റായിരുന്ന സഞ്ജീവിന്, 2016ലെ കുപ്രസിദ്ധമായ ബിഹാർ പി.എസ്.സി ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെ നിരവധി ക്രമക്കേടുകളുമായി ബന്ധമുണ്ട്. കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ പേപ്പറാണ് അത്തവണ ചോർന്നത്.

രവി അത്രിക്കൊപ്പം ‘സോൾവർ ഗ്യാങ്’ നടത്തിയ സഞ്ജീവ് ആവശ്യക്കാർക്ക് ചോദ്യപ്പേപ്പർ ചോർത്തി നൽകുകയോ പരീക്ഷയിൽ ആൾമാറാട്ടം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തുകയോ ചെയ്തിരുന്നു. കോൺസ്റ്റബിൾ പരീക്ഷ മുതൽ അധ്യാപക യോഗ്യത പരീക്ഷയിൽ വരെ ക്രമക്കേട് നടത്തുന്ന വലിയ ശൃംഖലയുടെ സാന്നിധ്യം വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷാത്തട്ടിപ്പിന്‍റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.

സഞ്ജീവിന്‍റെ ഭാര്യ മംമ്ത ദേവി ഭുതഖറിലെ പഞ്ചായത്ത് മുഖ്യയാണ്. ലോക് ജനശക്തി പാർട്ടി നേതാവാണ് ഇവർ. സഞ്ജീവിനെക്കുറിച്ച് നാട്ടുകാർക്ക് പല അഭിപ്രായങ്ങളാണുള്ളത്. ചോദ്യപ്പേപ്പർ ചോർച്ചയുമായി ഇയാൾക്ക് ബന്ധമുള്ളതായി മിക്കവർക്കും അറിയില്ല. കാർഷികവൃത്തിയിൽ ഏർപ്പെടുന്ന സാധാരണക്കാരനായാണ് സഞ്ജീവിനെ അവർ കണ്ടിട്ടുള്ളത്. സഞ്ജീവിന്‍റെ മകൻ ശിവകുമാർ ബിഹാറിലെ അധ്യാപക യോഗ്യതാ പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്.

നീറ്റ് പരീക്ഷയിൽ അറുപതിലേറെ വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെയാണ് വിദ്യാർഥികളും മാതാപിതാക്കളും ആരോപണവുമായി രംഗത്തുവന്നത്. ഗ്രേസ് മാർക്ക് നൽകിയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നായിരുന്നു എൻ.ടി.എയുടെ വിശദീകരണം. എന്നാൽ ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ പരീക്ഷയുടെ തലേദിവസം ചില വിദ്യാർഥികൾക്ക് പേപ്പർ ചോർത്തി നൽകിയതായി കണ്ടെത്തി.

പേര് വെളിപ്പെടുത്താത്ത പ്രഫസറിൽനിന്ന് മൊബൈൽ ഫോൺ വഴിയാണ് വിദ്യാർഥികൾക്ക് ചോദ്യപ്പേർ ലഭിച്ചത്. ഇതിനു പിന്നിൽ സഞ്ജീവ് മുഖിയ ആണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. സോൾവർ ഗ്യാങ്ങിനൊപ്പം സൈബർ തട്ടിപ്പു സംഘവും ചേർന്നാണ് പേപ്പർ ചോർത്തിയത്. ഝാർഖണ്ഡിൽനിന്ന് അറസ്റ്റു ചെയ്യപ്പെട്ടവരിൽ മൂന്നു പേർ മുൻപും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. പോസ്റ്റ് ഡേറ്റഡ് ചെക്കുകളും സിം കാർഡുകളും ഇവരുടെ പക്കൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

സഞ്ജീവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ് പൊലീസ്. വിവാദമുയർന്നതിനു പിന്നാലെ ഇയാൾ നേപ്പാളിലേക്ക് കടന്നതായി വിവരമുണ്ട്. നേപ്പാളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി കരാറിലെ വ്യവസ്ഥ പ്രകാരം സഞ്ജീവിനെ തിരിച്ചെത്തിക്കാൻ പ്രത്യേക നടപടിക്രമങ്ങൾ ആവശ്യമുണ്ട്. കേസുമായി ബന്ധപ്പെട്ട് 18 പേരാണ് ഇതുവരെ ബിഹാറിൽ അറസ്റ്റിലായത്. നിലവിൽ കേസ് സി.ബി.ഐക്ക് കൈമാറിയിരിക്കുകയാണ്.

Tags:    
News Summary - Who is Sanjeev Mukhiya? All About Alleged Mastermind Of NEET Paper Leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.