രാഷ്ട്രപതിയായി ആര്?

ന്യൂഡൽഹി: ആരൊക്കെയാണ് അടുത്ത രാഷ്ട്രപതി സ്ഥാനാർഥികൾ? ബുധനാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വരാനിരിക്കേ, ഊഹാപോഹ ചർച്ചകളല്ലാതെ ചിത്രം തെളിഞ്ഞിട്ടില്ല. ബി.ജെ.പി സ്ഥാനാർഥിയെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടു വെച്ചിട്ടുണ്ടാകാമെങ്കിലും, പത്രിക നൽകേണ്ട സമയം അടുക്കാതെ പേര് പുറത്തുവരില്ല. പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് ശ്രമം തുടങ്ങിയെങ്കിലും ഇക്കുറി പൊതുസ്ഥാനാർഥി കോൺഗ്രസിൽ നിന്നാകാനിടയില്ല.

ഏതാനും പേരുകൾ ബി.ജെ.പി പരിഗണിക്കുന്നതായി വിലയിരുത്തലുകളുണ്ട്. ഝാർഖണ്ഡ് മുൻഗവർണറും ആദിവാസി നേതാവുമായ ദ്രൗപദി മുർമു, യു.പി ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഛത്തിസ്ഗഢ് ഗവർണർ അനുസ്യൂയ ഉയികെ, കർണാടക ഗവർണർ താവർചന്ദ് ഗെഹ് ലോട്ട്, പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് തുടങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പേരുവരെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇത്തരത്തിൽ ആദ്യം ഉയർത്തി വിടുന്ന പേരുകൾ ഒടുവിൽ ചിത്രത്തിൽ തന്നെ ഉണ്ടായെന്നു വരില്ല.

നിർണായക വിഷയങ്ങളിൽ ഇത്തരമൊരു രഹസ്യാത്മകതയാണ് ഭരണനേതൃത്വവും ബി.ജെ.പിയും പിന്തുടർന്നു പോരുന്നത്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ രാംനാഥ് കോവിന്ദിന്റെ പേര് എവിടെയും ഉണ്ടായിരുന്നില്ല. മന്ത്രി നിർണയം മുതൽ ഓരോ കാര്യത്തിലും ഇതുതന്നെയാണ് രീതി. അവസാനഘട്ടത്തിൽ അമ്പരപ്പിന്റെ അകമ്പടിയോടെയാണ് യഥാർഥ പേര് പുറത്തു വരുക.

ബി.ജെ.പിയുടെ ലക്ഷ്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നായകത്വവും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന വിശ്വസ്ത വിധേയരിൽ ഒരാൾ അടുത്ത രാഷ്ട്രപതി സ്ഥാനാർഥിയാവും. വോട്ട് സ്വാധീനിക്കാൻ പാകത്തിൽ ബി.ജെ.പിക്ക് രാഷ്ട്രീയമായി മുന്നേറേണ്ട മേഖലകളെയും വിഭാഗങ്ങളെയും മുൻനിർത്തിയാണ് ചില പേരുകൾ ഉയരുന്നത്. എന്നാൽ ഭരണത്തിലെ കോർ ഗ്രൂപ്പിന്റെ പരിഗണനകൾ പലതാകാം. പിന്നാക്ക വിഭാഗക്കാരനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരിഗണിച്ചതു കൊണ്ട് ഇക്കുറി സവർണ, വനിത പ്രാതിനിധ്യം പരിഗണിച്ചെന്നു വരാം.

കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഡൽഹിയിൽ തമ്പടിച്ചു ശ്രമിക്കുന്നുണ്ടെങ്കിലും, ഹിന്ദുത്വ കാരണങ്ങളാൽ മുസ്‍ലിം രാഷ്ട്രപതി സ്ഥാനാർഥിക്ക് സാധ്യതയില്ല. പാർലമെന്റിൽ ബി.ജെ.പിക്ക് ഒരൊറ്റ മുസ്‍ലിം എം.പി പോലും ഇല്ലാതാകുന്നതിനാൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരിഗണിച്ചെന്നു വരാം. മന്ത്രി-എം.പി സ്ഥാനങ്ങൾ നഷ്ടപ്പെടുന്ന, കൂടുതൽ വഴങ്ങി നിൽക്കുന്ന മുഖ്താർ അബ്ബാസ് നഖ്‍വിക്കാവും അപ്പോഴും മുൻതൂക്കം.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പത്തെ പ്രതിപക്ഷത്തിന്റെ പ്രധാന ശക്തിപ്രകടനത്തിനാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അവസരമൊരുങ്ങുന്നത്. പ്രധാന പ്രതിപക്ഷമാണെങ്കിൽക്കൂടി, രണ്ടു സംസ്ഥാനങ്ങളിലേക്ക് ഭരണം ചുരുങ്ങിപ്പോയ കോൺഗ്രസിന് സംയുക്ത സ്ഥാനാർഥിത്വം വിട്ടുകൊടുക്കാൻ തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, തെലങ്കാന രാഷ്ട്രസമിതി തുടങ്ങിയവ തയാറല്ല. സ്ഥാനാർഥി കോൺഗ്രസിൽ നിന്നാകണമെന്ന നിർബന്ധം ഇല്ല, പ്രതിപക്ഷത്തിന്റെ യോജിച്ച സ്ഥാനാർഥി ഉണ്ടാകണം എന്ന സന്ദേശമാണ് ഇതു തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം വിവിധ പ്രതിപക്ഷ നേതാക്കൾക്ക് നൽകുന്നത്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രാഥമികമായി സംസാരിച്ചു. എന്നാൽ കോൺഗ്രസിനോട് വിയോജിപ്പുള്ളവരുമായി വിശദ ചർച്ച നടക്കാനുണ്ട്. ബി.ജെ.പിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യോജിച്ചു നിന്ന് നേരിടണമെന്ന കാര്യത്തിൽ പ്രതിപക്ഷ നിരക്ക് ഏകാഭിപ്രായമാണെന്നിരിക്കേ, ശക്തമായൊരു മത്സരത്തിന് പറ്റിയ സ്ഥാനാർഥി ഉയർന്നു വരും. 

ഊ​ഹാ​പോ​ഹ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന്​ ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ത​ന്‍റെ പേ​ര്​ ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ. 'ഊ​ഹാ​​പോ​ഹ​ങ്ങ​ളോ​ട്​ താ​നെ​ന്ത്​ പ്ര​തി​ക​രി​ക്കാ​നാ​ണ്. ചെ​യ്യു​ന്ന ജോ​ലി​യി​ൽ താ​ൻ സ​ന്തു​ഷ്ട​നാ​ണ്. താ​ൻ കേ​ര​ള​ത്തെ ഇ​ഷ്​​ട​പ്പെ​ടു​ന്നു'-​ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സാ​യ​തി​നാ​ൽ ഒ​ന്നും പ​റ​യാ​നി​​ല്ലെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം.

Tags:    
News Summary - Who is the President?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.