ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിൽ നിന്നും കേൾക്കുന്ന വാർത്തകൾ ശുഭകരമല്ല. ലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷത്തിൽ കമാൻഡിങ് ഓഫിസർ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. 1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്.
പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചർച്ച തുടങ്ങിയിട്ടുണ്ട്.
അതേസമയം, ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുരാജ്യവും അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യൻ സേനയുടെ ശക്തിപരീക്ഷിക്കുന്ന തരത്തിൽ ചൈന പലതവണയായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചര്‍ച്ച നടത്തിയിട്ടുണ്ട്. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യ - ചൈന പ്രതിരോധ ശക്തി താരതമ്യം
ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടിയാൽ ചൈനയുടെ സൈനിക ബലത്തിന് മുന്നിൽ ഇന്ത്യക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമോ എന്ന ചോദ്യമുയരാം. ഏഷ്യൻ വൻകരയിലെ ഏറ്റവും കരുത്തരായ രാജ്യങ്ങൾ എന്നാണ് ഇരുരാജ്യങ്ങളും അറിയപ്പെടുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശക്തി താരതമ്യം ചെയ്യുകയാണെങ്കിൽ പല മേഖലയിലും മുൻതൂക്കം ചൈനക്കാണ്. ചൈനയെ ഭയപ്പെടുത്താൻ പോന്ന പടകോപ്പുകൾ ഇന്ത്യക്കുണ്ട് എന്നത് തള്ളിക്കളയാനാവില്ല. അതേസമയം, സൈനിക ശക്തിക്ക് വേണ്ടി ഇന്ത്യയേക്കാൾ പണം വിലയിരുത്തുന്ന രാജ്യമാണ് ചൈന.
ചൈന ലോകത്തെ വൻശക്തിയായത് അവരുടെ ഉൽപാദന മേഖലയുടെ പുരോഗതിയിലൂടെയാണ്. അതിലൂടെ വന്ന സമ്പത്തിെൻറ വലിയൊരു ഭാഗം അവർ സൈനിക ശക്തി പരിഷ്കരിക്കുന്നതിനായി ചെലവഴിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന പ്രതിരോധ ഉപകരണങ്ങളെയാണ് ഇന്ത്യ കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ, ചൈന സ്വയം നിർമിക്കുന്നു. ആയുധങ്ങളും മറ്റും രാജ്യത്ത് തന്നെ നിർമിക്കുകയാണെങ്കിൽ ഇന്ത്യക്ക് ശക്തിയിൽ ചൈനയോടൊപ്പമോ അതിനുമുകളിലോ എത്താൻ കഴിഞ്ഞേക്കും.
136 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 143 കോടിയും. സാമ്പത്തിക വളർച്ചയിൽ സമീപകാലത്തായി വലിയ മുന്നേറ്റം നടത്തിയ ചൈന ജി.ഡി.പിയിലും ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകൾ നോക്കിയാൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 71 ബില്യൺ അമേരിക്കൻ ഡോളറാണ്. അതേസമയം ചൈനയുടേത് 271 ബില്യൺ ഡോളറും. ആകെ ആൾ ബലം നോക്കുകയാണെങ്കിൽ ഇന്ത്യയുടേത് 61.6 കോടിയാണ്. ചൈനയുടേത് 75 കോടിയും. ജോലി ചെയ്യാൻ കഴിയുന്ന ജനങ്ങളുടെ എണ്ണം ഇന്ത്യ 49 കോടി, ചൈന 62 കോടി.
എല്ലാ വർഷവും സൈനിക ദൗത്യത്തിന് സജ്ജമായ ആളുകളുടെ എണ്ണം ഇന്ത്യയിൽ 2.3 കോടിയാണ്. അതേസമയം ചൈനയിൽ അത് 1.9 കോടിയാണ്.
23 ലക്ഷം സൈനികർ ചൈനക്കുള്ളപ്പോൾ ഇന്ത്യക്കത് 13 ലക്ഷമാണ്. ഇന്ത്യക്ക് ആകെയുള്ള അണുബോംബുകളുടെ എണ്ണം 120 മുതൽ 130 വരെയാണ്. അതേസമയം ചൈനക്കത് 270 മുതൽ 300 വരെയുണ്ട്. എല്ലാ തരത്തിലുമുള്ള വിമാനങ്ങൾ ഇന്ത്യക്ക് 2663 എണ്ണവും ചൈനക്ക് 3749 എണ്ണവുമാണുള്ളത്. സൈനിക ഹെലികോപ്റ്റർ ഇന്ത്യക്ക് 646ഇം ചൈനക്ക് 802മാണുള്ളത്. ആക്രമണ ഹെലിക്കോപ്റ്റർ ഇന്ത്യക്ക് 19 ചൈനക്ക് 200.
ഇന്ത്യക്കുള്ള എയർപോർട്ടുകളുടെ എണ്ണം 346ആണെങ്കിൽ ചൈനക്ക് 507 ആണ്. സൈനിക ബലം ചൈനക്കാണെങ്കിലും ഭൂപ്രദേശം ഇന്ത്യക്ക് അനുകൂലമാണ്. ഇന്ത്യക്ക് 6464 യുദ്ധ ടാങ്കുകളാണുള്ളത്. ചൈനക്ക് 9150 എണ്ണമുണ്ട്. പ്രധാന തുറമുഖങ്ങൾ ഇന്ത്യക്ക് ഏഴും എണ്ണവും ചൈനക്ക് 15 എണ്ണവുമാണ്. മൈൻ വാർഫെയർ ക്രാഫ്റ്റുകളുടെ എണ്ണം ഇന്ത്യക്ക് ആറും ചൈനക്ക് നാലും ആണ്. പീരങ്കികളുടെ എണ്ണം നോക്കിയാൽ ഇന്ത്യയാണ് മുന്നിൽ. ഇന്ത്യക്ക് 7414 എണ്ണവും ചൈനക്ക് 6246 എണ്ണവുമാണുള്ളത്.
അന്തർവാഹിനി കപ്പലുകളിൽ ചൈന ബഹുദൂരം മുന്നിലാണ്. ചൈനക്ക് 68 എണ്ണമുള്ളപ്പോൾ ഇന്ത്യക്കത് 14 എണ്ണം മാത്രമാണ്.
യുദ്ധക്കപ്പലുകളുടെ എണ്ണം ഇന്ത്യക്ക് 295 എണ്ണവും ചൈനക്ക് 714മാണുള്ളത്. വിമാന വാഹിനിക്കപ്പൽ ഇന്ത്യക്ക് രണ്ടെണ്ണമുണ്ട്. എന്നാൽ ചൈനക്ക് ഒന്നുമാത്രമേയുള്ളൂ. ഫ്രിഗേറ്റ് കപ്പലുകൾ ഇന്ത്യക്ക് 14ഉം ചൈനക്ക് 48ഉം. നശീകരണ കപ്പലുകളും ഇന്ത്യയേക്കാൾ കൂടുതൽ ചൈനക്കാണ്. ചൈനക്ക് 32 എണ്ണമുള്ളപ്പോൾ ഇന്ത്യക്ക് 10 എണ്ണം മാത്രം. പട്രോൾ ക്രാഫ്റ്റ് ഇന്ത്യക്ക് 135ഉം ചൈനക്ക് 138ഉമാണ്.
ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണത്തിൽ ചൈന ബഹുദൂരം മുന്നിലാണ്. 13000 ചൈനക്ക് സ്വന്തമായുള്ളപ്പോൾ ഇന്ത്യക്കത് 5000 ആണ്. പ്രതിദിനമുള്ള പെട്രോളിയം നിർമാണം ഇന്ത്യ 7.67 lac bblഉം ചൈന 41.89 lac bblഉമാണ്. പെട്രോളിയം ഉപയോഗം ഇന്ത്യ 35.10 lac bblഉം ചൈന 1.01 കോടി bblഉമാണ്.
സൈനികശേഷിയിലും മാനവവിഭവശേഷിയിലും മുന്നിലുള്ള രണ്ട് വൻശക്തികൾ നേർക്കുേനർ വരുന്നത് ആശങ്കയോടെയും ആകാംക്ഷയോടെയുമാണ് ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.