മുംബൈ: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയലിന് വിചാരിച്ചതുപോലെ എളുപ്പമാകില്ല നോർത്ത് മുംബൈ സീറ്റ്. 2010 മുതൽ രാജ്യസഭാംഗമായിരുന്ന പിയൂഷിനിത് കന്നിയങ്കമാണ്. നരേന്ദ്ര മോദി, അമിത് ഷാ ടീമിലെ വിശ്വസ്തനും ആസൂത്രകനുമായ അദ്ദേഹത്തിന് പാർട്ടി കണ്ടെത്തിയ 'സുരക്ഷിത' മണ്ഡലമാണിത്.
കഴിഞ്ഞതവണ ഗോപാൽ ഷെട്ടി 4.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ഇവിടെ 'പാട്ടുംപാടി ജയിക്കാമെ'ന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. 1989 മുതൽ 2004 വരെ മുതിർന്ന പാർട്ടി നേതാവ് രാം നായിക് വാണ മണ്ഡലം.
എന്നാൽ, പുറംനാട്ടുകാരനും പ്രദേശവാസിയും (ഭൂമിപുത്ര) തമ്മിലെ പോരായി മാറിയിരിക്കുകയാണ് നോർത്ത് മുംബൈയിൽ. മണ്ഡലത്തിലെ ബോരിവലി നിവാസിയായ മുതിർന്ന നേതാവ് ഭൂഷൻ പാട്ടീലിനെയാണ് കോൺഗ്രസ് ഇത്തവണ രംഗത്തിറക്കിയത്.
മണ്ഡലത്തിലെ മുക്കുമൂലകളും ജനങ്ങളെയും അടുത്തറിയാവുന്ന നേതാവ്. സൗത്ത് മുംബൈയിലെ മലബാർഹിൽ വിലാസക്കാരനാണ് പിയൂഷ്. ജന്മഭൂമിയും കർമഭൂമിയും മുംബൈയാണെന്നും മറ്റാരേക്കാളും 'മുംബൈക്കർ' താനാണെന്നും പിയൂഷ് ആവർത്തിക്കുന്നു.
മറാത്തികളും ഗുജറാത്തികളും ഉത്തരേന്ത്യക്കാരും ഇടകലർന്നതാണ് മണ്ഡലത്തിലെ 18 ലക്ഷത്തോളം വരുന്ന വോട്ടർമാർ. പിയൂഷ് ഗുജറാത്തിയും ഭൂഷൻ പാട്ടീൽ മറാത്തിയുമാണ്. ഭൂമിപുത്ര വാദമുയർന്നതോടെ മറാത്തികൾ ഭൂഷൻ പാട്ടീലിനെയാകും തുണക്കുക. മറാത്തികൾ ഭൂഷനോട് ചായ്വ് കാണിക്കാൻ രണ്ട് ഘടകങ്ങളുണ്ട്.
ഒന്ന്, ശിവസേനയിലെ പിളർപ്പാണ്. മറാത്തികളുടെ ഉദ്ധവിനോടുള്ള സഹതാപം ഇൻഡ്യ ബ്ലോക്കിന് ഗുണമാകുമെന്നാണ് വിലയിരുത്തൽ. ഫേസ്ബുക്ക് ലൈവിനിടെ ഉദ്ധവ് പക്ഷക്കാരനായ മുൻ കോർപറേറ്റർ അഭിഷേക് ഘോസാൽക്കർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവമാണ് രണ്ടാമത്തേത്. അഭിഷേകിന്റെ പിതാവും ഉദ്ധവ് പക്ഷ നേതാവുമായ വിനോദ് ഘോസാൽക്കർ ഭൂഷനൊപ്പമാണ്. സഹതാപ വോട്ട് അനുകൂലമാകും എന്നാണ് കണക്കുകൂട്ടൽ.
ജി.എസ്.ടിയിൽ വലഞ്ഞ ഗുജറാത്തി കച്ചവട സമൂഹവും തന്നെ തുണക്കുമെന്ന് ഭൂഷൻ അവകാശപ്പെടുന്നു. ഗുജറാത്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഗുജറാത്തികൾക്കിടയിൽ അദ്ദേഹത്തിനായി അവർ വോട്ട് തേടുന്നുണ്ട്. 32 ശതമാനമാണ് മണ്ഡലത്തിലെ മറാത്തി ജനസംഖ്യ. ഗുജറാത്തികൾ 28 ശതമാനവും. 19 ശതമാനം വരുന്ന മുസ്ലിംകളും ഏഴ് ശതമാനം വരുന്ന ദലിതുകളും നിർണായകമാണ്. പ്രകാശ് അംബേദ്കറുടെ വി.ബി.എയും മത്സരിക്കുന്നു.
പിയൂഷ് ഗോയലിന് പറ്റിയ പിഴവ് ഭൂമിപുത്ര വാദത്തിന് ശക്തിപകരുന്നതായാണ് വിലയിരുത്തൽ. മത്സ്യ മാർക്കറ്റിലും ചേരിപ്രദേശങ്ങളിലും പര്യടനം നടത്തുമ്പോൾ ഗന്ധം സഹിക്കവയ്യാതെ മൂക്ക് മറച്ചത് പിയുഷിന് തിരിച്ചടിയായി. ചേരിപ്രദേശങ്ങൾ ദൂരെയുള്ള ഉപ്പുപാടങ്ങളിൽ മാറ്റിപ്പണിഞ്ഞ് മുംബൈയെ ഉത്തം മുംബൈയാക്കുമെന്ന പ്രസ്താവനയും പ്രതികൂലമായി. ചേരിപ്രദേശങ്ങൾ പുതുക്കിപ്പണിയുന്നതടക്കമുള്ള സാധാരണക്കാരുടെ വിഷയങ്ങളാണ് ഭൂഷൻ പാട്ടീൽ ഉയർത്തുന്നത്.
കോൺഗ്രസ് തട്ടകമായിരുന്ന മുംബൈ നോർത്ത് 1989ലാണ് ബി.ജെ.പി പിടിക്കുന്നത്. മലയാളിയായ വി.കെ. കൃഷ്ണമേനോൻ, ജനത പാർട്ടിയുടെ മാവേലിക്കര രാജകുടുംബാംഗം രവീന്ദ്ര വർമ തുടങ്ങിയവർ വാണതാണിവിടം.
ഡോ. ബി.ആർ. അംബേദ്കർ (1952) തോറ്റ ചരിത്രവും ഈ മണ്ഡലത്തിനുണ്ട്. ’89ൽ രാം നായിക് കൈയടക്കിയ മണ്ഡലം 2004ൽ നടൻ ഗോവിന്ദയെ ഇറക്കിയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. 2014ൽ ഗോപാൽ ഷെട്ടിയിലൂടെ ബി.ജെ.പി വീണ്ടും മണ്ഡലം പിടിച്ചു. ഇത്തവണ 'ഭൂമിപുത്ര'നിലൂടെ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.