കർണാടകയിൽ സിദ്ധരാമയ്യയെ നേരിടാൻ സ്വന്തം മകനെ കളത്തിലിറക്കുമെന്ന് യെദിയൂരപ്പ

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാൻ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി.എസ് യെദിയൂരപ്പ. ബംഗളൂരുവിൽ അടിയന്തരമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു യെദിയൂരപ്പയുടെ പ്രഖ്യാപനം. കർണാടകയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് യെദിയൂരപ്പയാണ്.

മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തിൽനിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയാണ് ഇവിടത്തെ എം.എൽ.എ. കോൺഗ്രസ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. തന്റെ മകൻ ബി.വൈ വിജയേന്ദ്ര വരുണയിൽനിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച് ഉന്നതതല ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെദിയൂരപ്പ പറഞ്ഞു.

മുസ്‌ലിംകളുടെ നാല് ശതമാനം സംവരണം റദ്ദാക്കിയതിനെ യെദിയൂരപ്പ ന്യായീകരിച്ചു. അത് ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും വീതിച്ചുനൽകിയതിൽ അനീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണത്തിന് മുസ്‌ലിംകൾക്കും അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി നടപ്പാക്കിയ പരിഷ്‍കരണത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

കോൺഗ്രസ് 70 സീറ്റിൽ കൂടുതൽ നേടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. എന്നാൽ 150 ലേറെ സീറ്റുകളിൽ വിജയിക്കുമെന്നാണ് കോൺ​ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പ്രവചനം. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് രാജു നായിക് ജെ.ഡി(എസ്)ൽ ചേർന്നിരുന്നു. 

Tags:    
News Summary - Who will take on Siddaramaiah in Karnataka? BS Yediyurappa drops big hint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.