ന്യൂഡല്‍ഹി: എ.ബി.വി.പിയെ എതിര്‍ത്തതിന് ബലാത്സംഗ ഭീഷണി നേരിട്ട കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ രണ്‍ദീപ് സിങ്ങിന്‍െറ മകള്‍ ഗുര്‍മെഹറിനെ കളിയാക്കിയും വിമര്‍ശിച്ചും ക്രിക്കറ്റ്താരം വീരേന്ദര്‍ സെവാഗും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും. സാമൂഹമാധ്യമങ്ങളില്‍ ഇവര്‍ രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങി.
‘എന്‍െറ പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്’, ‘ഞാന്‍ യുദ്ധംചെയ്യുന്നത് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സമാധാനം വരാനാണ്’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ഡല്‍ഹി സര്‍വകലാശാല ബിരുദ വിദ്യാര്‍ഥിനിയായ ഗുര്‍മെഹറിനെതിരെ ഇരുവരും രംഗത്തുവന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണം സെവാഗും ഏറ്റെടുക്കുകയായിരുന്നു. ‘രണ്ട് ട്രിപ്ള്‍ സെഞ്ച്വറി അടിച്ചത് ഞാനല്ല, എന്‍െറ ബാറ്റാണ്’ എന്ന് എഴുതി നില്‍ക്കുന്ന ചിത്രം സെവാഗ് ട്വിറ്ററില്‍ പോസ്റ്റ്ചെയ്തു. വിദ്യാര്‍ഥിയെ കളിയാക്കി ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയും പോസ്റ്റ് ചെയ്തു. അക്രമത്തിനെതിരെ നിലപാട് എടുക്കുന്നത് എങ്ങനെയാണ് തെറ്റാവുന്നതെന്ന് ഇവരുടെ ട്വിറ്റര്‍ പോസ്റ്റിനടിയില്‍ ഗുര്‍മെഹര്‍ പ്രതികരിച്ചു.
വിദ്യാര്‍ഥിനിയുടെ മനസ്സ് ആരോ മലിനപ്പെടുത്തിയിരിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും രംഗത്തുവന്നു. ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല, ഇന്ത്യയെ ഇങ്ങോട്ട് ആക്രമിച്ചിട്ടേയുള്ളൂവെന്നും റിജിജു പോസ്റ്റിട്ടു. രാംജാസില്‍ നടന്ന ആക്രമണത്തെ ദേശവിരുദ്ധര്‍ക്കെതിരെയുള്ള ആക്രമണമെന്ന രീതിയില്‍ ആക്കിയെടുത്തതും റിജിജുവായിരുന്നു. മൂവര്‍ക്കുമെതിരെ വിമര്‍ശനവുമായി നിരവധി ട്വീറ്റുകളും വന്നു. വിദ്യാര്‍ഥിനിയുടെ ചിത്രവും ദാവൂദ് ഇബ്രാഹീമിന്‍െറ ചിത്രവും ചേര്‍ത്തുവെച്ച് ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹയും സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.