ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ വൈമാനികർ പ്രാഥമിക സേവനകാലാവധിയായ 20 വർഷത്തിന് ശേഷം സേവനം നീട്ടാൻ തയാറാവുന്നില്ലെന്ന് സർവെ ഫലം. സേനക്കകത്ത് നടത്തിയ സർവെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അനുയോജ്യമായ ജോലി സാഹചര്യത്തിെൻറ കുറവും മികച്ച വ്യക്തിജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളുമൊക്കെയാണ് സേന വിടാൻ പ്രേരിപ്പിക്കുന്നതെന്ന് സർവെ റിപ്പോർട്ടിൽ പറയുന്നു.
13മുതൽ20 വർഷം വരെ സേവന കാലാവധിയുള്ള സർജൻറുമാരിൽ രണ്ട് വർഷത്തേക്കാണ് സർവെ നടത്തിയതെന്ന് ഏപ്രിൽ 30ന് വെസ്റ്റർ എയർ കമാൻറ് മുഴുവൻ എയർ ഓഫീസേഴ്സ് കമാൻഡിങ്ങിനും സ്റ്റേഷൻ കമാൻഡേഴ്സിനും കമാൻഡിങ് ഓഫീസേഴ്സിനുമായി അയച്ച കത്തിൽ പറയുന്നു.
അനുയോജ്യമായ അന്തരീക്ഷത്തിെൻറ കുറവുകൊണ്ടാണ് 20 വർഷത്തെ സേവനത്തിനു ശേഷം വ്യോമസേന വിടുന്നതെന്നാണ് 32ശതമാനം പേർ പ്രതികരിച്ചത്. മികച്ച വ്യക്തിജീവിതം ലക്ഷ്യം വെച്ചാണ് സേനയിൽ നിന്ന് വിടുതൽ നേടുന്നതെന്ന് 25 ശതമാനം പേർ പ്രതികരിച്ചു. തുടർച്ചയായ യാത്രകളാണ് സേവനം നീട്ടുന്നതിന് തടസമായി 19 ശതമാനം പേർ പറയുന്നത്. ജോലിയിൽ പുരോഗതിയില്ലാത്തത് 17 ശതമാനം പേരെയും തുച്ഛമായ വേതനം ഏഴ് ശതമാനം വൈമാനികരെയും സേനയിൽ തുടരുന്നതിൽ നിന്ന് വിലക്കുന്നുവെന്ന് സർവെ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നു.
45 ശതമാനം വൈമാനികരും 20 വർഷത്തെ പ്രാഥമിക സേവന കാലാവധി പൂർത്തിയാക്കിയ ശേഷം സേവനം തുടരാതെ സേനയിൽ നിന്ന് വിരമിക്കുകയാണെന്ന് അഞ്ചു വർഷത്തെ വിവരങ്ങൾ വിശകലനം ചെയ്ത് എയർഫോഴ്സ് റെക്കോർഡ് ഓഫീസ് (എ.എഫ്.ആർ.ഒ) വ്യക്തമാക്കുന്നു.
ഇന്ത്യൻ വ്യോമസേന സാങ്കേതിക വിദ്യയിലൂന്നിയ സേനയായതിനാലും സേനയുടെ വിവിധ പ്ലാറ്റ്ഫോമുകളിൽ സദാ ജാഗ്രതയും ഉയർന്ന സന്നദ്ധതയും കാത്തുസൂക്ഷിക്കേണ്ടതിനാലും പരിചയ സമ്പന്നവും പരിശീലനം സിദ്ധിച്ചതുമായ മനുഷ്യവിഭവശേഷി അനിവാര്യമാണെന്ന് വെസ്റ്റർ എയർ കമാൻഡ് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.