ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ 36 വർഷം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച എ.ജി. പേരറിവാളനെ എന്തുകൊണ്ട് മോചിപ്പിച്ചു കൂടാ എന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.
ചെയ്ത കുറ്റത്തിന് കുറഞ്ഞ കാലയളവ് ശിക്ഷ അനുഭവിച്ചവരെപ്പോലും വിട്ടയക്കുമ്പോൾ പേരറിവാളന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് തീരുമാനമുണ്ടാകാത്തതെന്നും കോടതി ചോദിച്ചു. വിഷയത്തിൽ ഒരാഴ്ചക്കകം വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ പേരറിവാളന്റെ അപേക്ഷ പരിഗണിച്ച്, അദ്ദേഹത്തെ വിട്ടയക്കാൻ നേരത്തെയെടുത്ത തീരുമാനം കോടതി നടപ്പാക്കുമെന്നും ജസ്റ്റിസുമാരായ എൽ.എൻ. റാവു, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പ്രതിയെ വിട്ടയക്കാൻ തമിഴ്നാട് മന്ത്രിസഭ എടുത്ത തീരുമാനം ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ദയാഹരജിയിൽ തീരുമാനമെടുക്കാൻ അധികാരമുള്ള രാഷ്ട്രപതിക്ക് ഗവർണർ മന്ത്രിസഭ തീരുമാനം ശിപാർശ ചെയ്തത് ഗുരുതര വീഴ്ചയും ഭരണഘടന വിരുദ്ധ നടപടിയുമാണ്.
തീരുമാനത്തോട് ഗവർണർക്ക് വിയോജിപ്പുണ്ടെങ്കിൽ അത് മന്ത്രിസഭക്ക് തിരിച്ചയക്കുകയാണ് വേണ്ടിയിരുന്നതെന്നും ജസ്റ്റിസ് റാവു പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷമായി ഗവർണർക്ക് ഇതേ നിലപാടാണെന്നും ശിക്ഷിക്കപ്പെട്ടയാളാണ് ഇതിനിടയിൽ കിടന്ന് ഞെരുങ്ങുന്നതെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.