ന്യൂഡൽഹി: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അട്ടിമറിയും ഗൂഢാലോചനയും സംശയിക്കുന്നത് സർക്കാറിന്റെ ശ്രദ്ധതിരിക്കൽ തന്ത്രമെന്ന് കോൺഗ്രസ്. ട്രെയിൻ അപകടം സി.ബി.ഐ അന്വേഷണത്തിന് വിട്ടതിനെയും കോൺഗ്രസ് ചോദ്യം ചെയ്തു. സുരക്ഷയിൽ വീഴ്ച വരുത്തിയതിന് ആർക്കും ഉത്തരവാദിത്തമില്ലാത്ത സാഹചര്യമാണ് വന്നുചേരുന്നതെന്നും പാർട്ടി ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷനും റെയിൽവേ മുൻമന്ത്രിയുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 2016ൽ കാൺപുരിൽ 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്നപ്പോൾ അന്വേഷണം എൻ.ഐ.എക്ക് വിട്ടെങ്കിലും കുറ്റപത്രം നൽകാൻപോലും തയാറാകാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു റാലികളിൽ പ്രധാനമന്ത്രി തന്നെ ഗൂഢാലോചന സിദ്ധാന്തം മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, ആ അപകടത്തിന്റെ ഉത്തരവാദികൾ ആരെന്ന് ഇന്നും രാജ്യത്തിന് അറിയില്ല.
ഒഡിഷ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ ആരാണ്? കുറ്റകൃത്യങ്ങളാണ്, അപകടമല്ല സി.ബി.ഐ അന്വേഷിക്കുന്നത്. ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട സിഗ്നൽ, പരിപാലനം തുടങ്ങിയ സാങ്കേതിക വശങ്ങളെക്കുറിച്ച് സി.ബി.ഐക്ക് ഒന്നുമറിയില്ല. അതൊക്കെ പരിശോധിക്കുന്നതിന് റെയിൽവേ സുരക്ഷാ കമീഷണറുണ്ട്. അവർക്ക് സ്വതന്ത്ര അന്വേഷണത്തിന് സാഹചര്യം നൽകാതെ വഴിതിരിച്ചുവിടുകയാണ് ഇപ്പോൾ.
ഭരണപരമായ വീഴ്ചകളിൽനിന്ന് പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയും ഒഴിഞ്ഞുമാറുകയാണ്. ട്രെയിനിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലെ വലിയ വീഴ്ചയുടെ ഫലമാണ് ഒഡിഷ ദുരന്തം. സുരക്ഷിതത്വത്തിനുവേണ്ട അടിസ്ഥാന കാര്യങ്ങൾ ശക്തിപ്പെടുത്താതെ വാർത്തക്കുവേണ്ടി പുറംമോടി കൂട്ടുന്ന ഏർപ്പാടാണ് റെയിൽവേയിൽ. റെയിൽ സംരക്ഷണ യൂനിറ്റിനുള്ള ഫണ്ട് 79 ശതമാനം വരെ വെട്ടിക്കുറിച്ചു. പാളം നവീകരണത്തിന് ഫണ്ടില്ല.
ഫെബ്രുവരി എട്ടിന് മൈസൂരുവിൽ കൂട്ടിയിടി ഉണ്ടായപ്പോൾ, സിഗ്നൽ സംവിധാനം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സർക്കാറിന് ലഭിച്ചിരുന്നു. എന്നാൽ, അവഗണിക്കുകയാണ് ഉണ്ടായത്. റെയിൽവേ അപകടങ്ങളിൽ 10 ശതമാനം പോലും നേരെചൊവ്വേ അന്വേഷിക്കുന്നില്ലെന്ന് പാർലമെന്റ് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. പാളം തെറ്റിയുള്ള 10 അപകടങ്ങളിൽ ഏഴും 2017-21 കാലത്താണെന്ന് സി.എ.ജി ചൂണ്ടിക്കാട്ടിയെങ്കിലും ട്രാക്ക് പരിശോധിക്കുന്നില്ല.
കൂട്ടിയിടി തടയാനുള്ള രക്ഷാകവച് സംവിധാനം യു.പി.എ സർക്കാറിന്റെ കാലത്ത് വിജയകരമായി തയാറാക്കി പരീക്ഷിച്ചതാണ്. 2022ൽ അതിന്റെ പേര് ‘കവച്’ എന്നാക്കി പുതുതായി അവതരിപ്പിച്ച മോദി സർക്കാർ, നാലു ശതമാനം മാത്രം റെയിൽ പാതകളിലാണ് ഈ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്.
മൂന്നുലക്ഷം ഒഴിവുകൾ നികത്താത്ത സ്ഥാപനമാണിന്ന് റെയിൽവേ. തൊണ്ണൂറുകളിൽ 18 ലക്ഷം ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 12 ലക്ഷം മാത്രം. ഇതിൽ 3.18 ലക്ഷവും കരാർ തൊഴിലാളികൾ. ലോക്കോ പൈലറ്റുമാർ വേണ്ടത്ര ഇല്ലാത്തതുമൂലം, ഉള്ളവർക്ക് അധികഭാരം ഏറ്റെടുക്കേണ്ടിവരുന്നു. സ്വകാര്യവത്കരണത്തിന് സൗകര്യമൊരുക്കാൻ റെയിൽ ബജറ്റ് കേന്ദ്ര ബജറ്റിൽ ലയിപ്പിച്ചതോടെ റെയിൽവേക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാനുള്ള പ്രാപ്തി നഷ്ടപ്പെട്ടെന്നെും ഖാർഗെ കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.