ന്യൂഡൽഹി: സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് കോഴിയിറച്ചിയും മറ്റു മാംസവും ഒഴിവാക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു. പകരം മികച്ചത് നൽകിയെന്ന് മറുപടി നൽകിയപ്പോൾ കോഴിയിറച്ചിക്കും ആട്ടിറച്ചിക്കും പകരം ഡ്രൈ ഫ്രൂട്ട്സ് നൽകുമോ എന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, സുധാൻശു ധുലിയ എന്നിവരടങ്ങുന്ന ബെഞ്ച് തിരിച്ചുചോദിച്ചു.
ലക്ഷദ്വീപിലെ ക്ഷീരഫാമുകൾ അടച്ചുപൂട്ടാനും സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കാനുമുള്ള ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഉച്ചഭക്ഷണത്തിൽ മാംസം ഒഴിവാക്കിയത് കേരള ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ആ സ്റ്റേ തുടരും.
പുതിയ ഉച്ചഭക്ഷണപദ്ധതി വിശദീകരിച്ച കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറലിനോട് ഇതിൽ കോഴിയിറച്ചി എവിടെയെന്ന് സുപ്രീംകോടതി ചോദിച്ചു. ഇത് തന്റെ ഭക്ഷണ, സാംസ്കാരിക രീതിയാണെങ്കിൽ എങ്ങനെ ഒഴിവാക്കാൻ പറ്റുമെന്നും ബെഞ്ച് ആരാഞ്ഞു. കോഴിയിറച്ചിയും ആട്ടിറച്ചിയും പ്രത്യേക ഭക്ഷണ ഇനങ്ങളായി ഉണ്ടെന്ന് എ.എസ്.ജി അറിയിച്ചപ്പോൾ എങ്കിൽ അതവർക്ക് നൽകിയേക്കൂ എന്ന് ബെഞ്ച് നിർദേശിച്ചു.
വിവിധ വശങ്ങൾ പരിശോധിച്ച ശേഷം എടുത്ത നയപരമായ തീരുമാനമാണിതെന്നും ഭക്ഷണ സാധനങ്ങളുടെ ലഭ്യത, സാമ്പത്തിക ഘടകം തുടങ്ങിയവയും കൂടി പരിഗണിച്ചാണ് നടപടിയെന്നും എ.എസ്.ജി വാദിച്ചു. എന്നാൽ ഉച്ചഭക്ഷണം മൂലം സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ വരുന്നുണ്ടെന്നും സ്കൂൾ ഭക്ഷണത്തെ കുറിച്ച് മാത്രമാണ് തങ്ങൾ പറയുന്നതെന്നും സുപ്രീംകോടതി ലക്ഷദ്വീപ് ഭരണകൂടത്തെ ഓർമിപ്പിച്ചു. അതേ സമയം സർക്കാർ ക്ഷീരഫാമുകൾ ലാഭകരമല്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി സുപ്രീംകോടതി ചോദ്യം ചെയ്തില്ല. തുടർവാദത്തിനായി കേസ് ജൂലൈ 11ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.