ന്യൂഡൽഹി: മുസഫർപുർ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ഇരയായ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ബിഹാർ സാമൂഹികക്ഷേമ മുൻ മന്ത്രി മഞ്ജു വർമയെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി. സംഭവത്തിൽ മുൻ മന്ത്രിക്ക് പങ്കുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടും എന്തുകൊണ്ട് അവരെ അറസ്റ്റു ചെയ്യുന്നില്ലെന്ന് കോടതി സർക്കാറിനോട് ആരാഞ്ഞു.
കാബിനറ്റ് മന്ത്രിയായതിനാലാണ് മഞ്ജു വർമയെ അറസ്റ്റ് ചെയ്യാത്തത്. എന്നാൽ അവർ നിയമത്തിന് മുകളിലല്ല. കേസിൽ എല്ലാ കാര്യങ്ങളും സംശയാസ്പദമാണ്. ആരും നിയമത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സുപ്രീംകോടതി വിമർശിച്ചു.
പെൺകുട്ടികളെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചിരുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതി അറിയിച്ചു. പെൺകുട്ടികൾക്ക് മയക്കുമരുന്ന് കുത്തിവെച്ചതിനാൽ അവർ ബലാത്സംഗത്തിനും ഇരയായിട്ടുണ്ടാകും. എന്താണ് അവിടെ നടക്കുന്നതെന്നും കോടതി ആരാഞ്ഞു. സംഭവം വിശദീകരിച്ച സർക്കാറിനെ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ ശകാരിച്ചു.
കേസിൽ മഞ്ജു വർമയുടെ ഭർത്താവ് ചന്ദ്രശേഖർ വർമ കഴിഞ്ഞ ദിവസം ബെഗുസാരൈ മഞ്ച്ഹൗൾ ജില്ലാ കോടതിയിൽ കീഴടങ്ങിയിരുന്നു.
ഒക്ടോബർ 25 ന് കേസ് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോർട്ട് പരിഗണിക്കവെ ചന്ദ്രശേഖർ വർമയെ കണ്ടെത്താൻ വൈകുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കൂടാതെ റിപ്പോർട്ടിലെ വിവരങ്ങൾ െഞട്ടിപ്പിക്കുന്നതാണെന്ന് ജസ്റ്റിന് മദൻ ബി. ലോകുർ അധ്യക്ഷനും ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
30ലേറെ പെൺകുട്ടികളാണ് മുസഫർപുരിലെ അഭയകേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ടത്. ഭർത്താവിനെതിരായ ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം മഞ്ജു വർമ രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.