എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് നടന്നില്ല; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു സിദ്ദു

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്‌.ഐ) തലവനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കുചേർന്നു മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായി നവ്‌ജ്യോത് സിങ് സിദ്ദു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ട് ഇതുവരെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു.

"പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ ജാമ്യമില്ല... എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ല? ഉന്നതർക്കും ശക്തർക്കും നിയമം വ്യത്യസ്തമാണോ? ആരുടെയും കരിയർ ഉണ്ടാക്കാനും തകർക്കാനും കഴിയുന്ന സ്വാധീനമുള്ള പദവിയിൽ ആരോപണ വിധേയനായ മനുഷ്യൻ തുടരുന്നത് എന്തുകൊണ്ടാണ്?” അദ്ദേഹം തൽസ്ഥാനത്ത് തുടരുമ്പോൾ ന്യായമായ അന്വേഷണം അസാധ്യമാണ്" സിദ്ദു ട്വിറ്ററിൽ കുറിച്ചു.

സ്ത്രീകളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ഏഴ് വനിത ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസ് പോക്സോ നിയമം ഉൾപ്പെടെ രണ്ട് കേസെടുത്തിട്ടുണ്ട്. പരാതിക്കാരിലെ പ്രായപൂർത്തിയാകാത്ത ആൾക്ക് മതിയായ സുരക്ഷയും ഒരുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഒരാഴ്ചമുമ്പാണ് താരങ്ങൾ ജന്തർമന്തറിൽ സമരം തുടങ്ങിയത്. സിങിനെ അറസ്റ്റു ചെയ്യാതെ സമരം നിർത്തില്ലെന്ന കർശന നിലപാടിലാണ് ഗുസ്തി താരങ്ങൾ. സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയ രാജ്യത്തിന്റെ അഭിമാന താരങ്ങളാണ് ജന്തർ മന്തറിൽ സമരം തുടരുന്നത്.

Tags:    
News Summary - “Why no arrest so far,” asks Sidhu after meeting wrestlers at Jantar Mantar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.