ഡൽഹിക്ക് മാത്രം എന്തിനാണ് പ്രത്യേക മാർഗരേഖ? ലെഫ്. ഗവർണർക്കെതിരെ കെജ്​രിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് രോഗികൾ ഹോം ഐസൊലേഷനിൽ പോകുന്നതിന് മുമ്പായി അഞ്ച് ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിൽ കഴിയണമെന്ന ലെഫ്. ഗവർണർ അനിൽ ബാലാജിയുടെ നിർദേശത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ. ഡൽഹിക്ക് മാത്രമായി എന്തിനാണ് പ്രത്യേക മാർഗരേഖയെന്ന് കെജ്​രിവാൾ ചോദിച്ചു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഗവർണറുടെ ഉത്തരവിൽ ആം ആദ്മി പാർട്ടി കടുത്ത പ്രതിഷേധമുയർത്തിയിട്ടുണ്ട്. ആവശ്യമായ ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ വൻ കുറവ് നേരിടുന്ന ഡൽഹിയിൽ ഗവർണറുടെ ഉത്തരവ് നടപ്പാക്കുക പ്രയാസമാണെന്ന് ആം ആദ്മി ചൂണ്ടിക്കാട്ടുന്നു. 

രാജ്യമെമ്പാടുമുള്ള രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ മതിയെന്ന് ഐ.സി.എം.ആർ നിർദേശമുള്ളപ്പോൾ ഡൽഹിയിൽ പ്രത്യേക ഉത്തരവെന്തിനാണെന്ന് കെജ്​രിവാൾ ചോദിച്ചു. ഡൽഹിയിൽ ഭൂരിപക്ഷം കോവിഡ് ബാധിതരും രോഗലക്ഷണം കാണിക്കാത്തവരാണ്. ഇവരെ ക്വാറന്‍റീൻ ചെയ്യാനുള്ള സൗകര്യം എങ്ങനെ ഒരുക്കും -ഡൽഹി ദുരന്ത നിവാരണ സമിതി യോഗത്തിനിടെ കെജ്​രിവാൾ ചോദിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും യോഗത്തിൽ പങ്കെടുത്തിരുന്നു. 


റെയിൽവേ കോച്ചുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്ര കനത്ത ചൂടിൽ എങ്ങനെ കോച്ചുകൾക്കുള്ളിൽ കഴിയാനാകും. പാവപ്പെട്ട രോഗികൾക്കാണോ രോഗലക്ഷണം പ്രകടിപ്പിക്കാത്ത രോഗികൾക്കാണോ പ്രാധാന്യം നൽകേണ്ടത്. ഇപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരുടെ കുറവ് സംസ്ഥാനത്തുണ്ട്. ലക്ഷണങ്ങളില്ലാത്തവർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിൽ കഴിയേണ്ടിവരുമല്ലോയെന്ന കാരണത്താൽ പരിശോധന ഒഴിവാക്കിയാൽ നഗരത്തിൽ ദുരന്തമുണ്ടാകും. ലോകത്തെവിടെയും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീന് അയക്കാറില്ല- കെജ്​രിവാൾ ചൂണ്ടിക്കാട്ടി. 

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നിരിക്കുകയാണ്. 2035 പേരാണ് മരിച്ചത്. 23,569 പേർ രോഗമുക്തി നേടിയപ്പോൾ 27,512 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 

Tags:    
News Summary - Why Separate Guidelines For Delhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.