മുംബൈ: തിയേറ്ററിന് പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവരുന്നതിന് തിയേറ്റർ ഉടമകൾ ഏർപ്പെടുത്തുന്ന വിലക്ക് ചോദ്യം ചെയ്ത് ബോംബെ ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പൊതു താൽപര്യ ഹരജിയിൽ മറുപടി നൽകാൻ മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബോംബെ ഹൈകോടതി. സംസ്ഥാനത്താകമാനം തിയേറ്ററുകളിൽ സുരക്ഷാപരിശോധനകൾ നടത്തുകയും പുറത്ത് നിന്നുള്ള ഭക്ഷണം വിലക്കി തിയേറ്റർ കോംപ്ലക്സിനകത്ത് നിന്നും വൻ വിലക്ക് വാങ്ങാൻ നിർബന്ധിക്കുന്ന തിയറ്ററുകാരുടെ നടപടിയാണ് ഹൈകോടതി ചോദ്യം ചെയ്തത്.
ജസ്റ്റിസ് ആർ.എം ബോർദെ, രാജേഷ് കേട്കർ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ മൂന്നാഴ്ച്ചക്കുള്ളിൽ മറുപടി നൽകാൻ സർക്കാറിനോട് നിർദേശിച്ചു. ഇത് നിയമാനുസൃതമാണോ അതോ തിയറ്റർ ഉടമകളുടെ തന്നിഷ്ടപ്രകാരമുള്ള നടപടിയാണോ എന്ന കാര്യത്തിലാണ് കോടതി സർക്കാറിെൻറ വിശദീകരണം തേടിയത്.
ജൈനേന്ദ്ര ബക്ഷി എന്നയാളാണ് പൊതുതാൽപര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. തിയറ്ററുകാരുടെ നടപടി നിയമ വിരുദ്ധമാണെന്നും പുറത്ത് നിന്നും കൊണ്ടു വരുന്ന ഭക്ഷണ സാധനങ്ങൾ വിലക്കാനുള്ള അവകാശം അവർക്കില്ലെന്നും ഹരജിയിൽ പറയുന്നു. കൂടാതെ തിയേറ്ററിനകത്ത് ഭക്ഷണം വിൽകുന്നത് ‘മഹാരാഷ്ട്രയിലെ സിനിമാ നിയമ’ങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. പുറത്ത് നിന്നും ഭക്ഷണം കൊണ്ട് വരാനുള്ള വിലക്ക് പ്രായംചെന്നവരെയാണ് ബാധിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം തിയേറ്ററിനകത്ത് നിന്നും ലഭിക്കുന്ന ജങ്ക് ഫുഡ് കഴിക്കാൻ അവർക്ക് കഴിയില്ലെന്നും അകത്തേക്ക് ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ കൊണ്ട് പോവുന്നത് നിയന്ത്രിക്കുകയാണ് തിയേറ്ററധികാരികൾ ചെയ്യേണ്ടതെന്നുഹരജിയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.