'അവരുടെ പേരുകൾ പറയപ്പെടാതെ പോകുന്നതെന്തുകൊണ്ട്? ആത്മപരിശോധന വേണം'

ന്യൂഡൽഹി: സിൽക്യാര തുരങ്ക രക്ഷാപ്രവർത്തനത്തിലെ റിയൽ ഹീറോകളായ തൊഴിലാളികളുടെ പേരുകൾ പറയപ്പെടാതെ പോകുന്നതെന്തുകൊണ്ടാണെന്ന് മാധ്യമപ്രവർത്തക സാഗരിക ഘോഷ്. ഒരു ഭീകരാക്രമണം നടക്കുമ്പോൾ അതിവേഗത്തിലാണ് ഒരു സമുദായത്തെയും അതിലെ വ്യക്തികളെയും നിങ്ങൾ പേരെടുത്ത് പറയുന്നത്. അസാധാരണമായ ഒരു ദൗത്യം പൂർത്തിയാക്കുമ്പോൾ അതിലെ ഹീറോകളുടെ പേര് പറയാത്തതെന്തെന്ന് ആത്മപരിശോധന നടത്തണമെന്നും സാഗരിക ഘോഷ് എക്സ് പോസ്റ്റിൽ പറഞ്ഞു.


സിൽക്യാര രക്ഷാപ്രവർത്തനത്തിന് നേതൃത്വ നൽകിയ അധികൃതർക്കും രക്ഷാപ്രവർത്തനം നടത്തിയ തൊഴിലാളികൾക്കും അഭിനന്ദനമറിയിച്ചുകൊണ്ട് സാഗരിക ഇന്നലെ പോസ്റ്റിട്ടിരുന്നു. എൻ.ഡി.ആർ.എഫ് ഡി.ജി അതുൽ കർവാൽ, ലെഫ്. ജനറൽ ഹർപാൽ സിങ്, ദുരന്തനിവാരണ അതോറിറ്റിയിലെ സയിദ് അതാ ഹസ്നയിൻ, മഹ്മൂദ് അഹ്മദ്, എൻ.എച്ച്.ഐ.ഡി.സി.എൽ എം.ഡി, സിറിയക് ജോസഫ്, രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ റാറ്റ് ഹോൾ മൈനേഴ്സ് എന്നിവർക്കാണ് നന്ദി പറഞ്ഞത്. രാജ്യത്തെ ഏറ്റവും പാവപ്പെട്ട ജനവിഭാഗത്തിൽ നിന്ന് വരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയ ഖനിത്തൊഴിലാളികളിലെ വഖീൽ ഖാൻ, മുന്ന ഖുറേഷി എന്നിവർ. രാഷ്ട്രീയക്കാർ ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. വിഭജനങ്ങൾക്ക് മുകളിലേക്ക് ഇന്ത്യ ഉയരുമ്പോൾ ഒരു പർവതത്തെ പോലും നീക്കാൻ ഇന്ത്യക്ക് സാധിക്കും -സാഗരിക പോസ്റ്റിൽ പറഞ്ഞു.


എന്നാൽ, സാഗരികയുടെ പോസ്റ്റിൽ വ്യാപക വിദ്വേഷ കമന്‍റുകളുമായി ഹിന്ദുത്വവാദികൾ നിറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ മതം തിരയാനാണ് സാഗരിക ശ്രമിക്കുന്നതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആരോപണം.

ഇതിന് പിന്നാലെയാണ് വീണ്ടും സാഗരിക പോസ്റ്റിട്ടത്. 'ഒരു ഭീകരാക്രമണം നടക്കുമ്പോൾ അതിവേഗത്തിലാണ് ഒരു സമുദായത്തെയും അതിലെ വ്യക്തികളെയും നിങ്ങൾ പേരെടുത്ത് പറയുന്നത്. അസാധാരണമായ ഒരു ദൗത്യം പൂർത്തിയാക്കുമ്പോൾ അതിലെ ഹീറോകളുടെ പേര് പറയാത്തതെന്തെന്ന് ആത്മപരിശോധന നടത്തണം. തൊഴിലാളികളായ ഫിറോസ്, മുന്ന ഖുറേഷി, റാഷിദ്, ഇർഷാദ്, മോനു, നസീർ, അങ്കുർ, ജതിൻ, സൗരഭ്, വഖീൽ ഹസൻ, ദേവേന്ദർ എന്നിവർക്ക് സല്യൂട്ട് -സാഗരിക ഘോഷ് എക്സ് പോസ്റ്റിൽ പറഞ്ഞു. 

Tags:    
News Summary - Why their names become unmentionable Sagarika Ghose on tunnel rescue minors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.