എന്തുകൊണ്ട് മഹാത്മാ ഗാന്ധിക്ക് സമാധാന നൊബേൽ ലഭിച്ചില്ല; കാരണങ്ങൾ പലത്

ന്യൂഡൽഹി: 200 വർഷത്തോളം ഭരിച്ച ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാൻ പ്രധാന പങ്കുവഹിച്ച മഹാത്മാ ഗാന്ധി അഞ്ച് തവണ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. 1937, 1938, 1939, 1947 വർഷങ്ങളിലായിരുന്നു അത്. 1948ൽ അദ്ദേഹം വധിക്കപ്പെട്ടു. സമാധാന പരമായ സമരങ്ങളിലൂടെയും അഹിംസയിലൂടെയും നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ വലിയ സംഭാവന നൽകിയിട്ടും അദ്ദേഹത്തെ നൊബേൽ കമ്മിറ്റി തിരസ്കരിച്ചത് എന്തുകൊണ്ടായിരിക്കും. വർഷങ്ങളായി വലിയ ചർച്ചയായ വിഷയമാണിത്. പുരസ്കാരത്തിനായി നൊബേൽ കമ്മിറ്റി കണ്ടെത്തിയ പരമ്പരാഗത വിഭാഗങ്ങളിൽ ഗാന്ധിയുമായി യോജിക്കുന്ന ഘടകങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും പ്രധാന കാരണം. കമ്മിറ്റി പറയുന്നതനുസരിച്ച് ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവല്ല, അന്താരാഷ്ട്ര നിയമത്തിന്റെ വക്താവും ആയിരുന്നില്ല. അതിലുപരി ഒരു മാനുഷിക ദുരിതാശ്വാസ പ്രവർത്തകനോ അന്താരാഷ്ട്ര സമാധാനകോൺഗ്രസുകളു​ടെ സംഘാടകനോ ആയിരുന്നില്ല.

സമാധാനത്തോടും അഹിംസയോടുമുള്ള മഹാത്മാഗാന്ധിയുടെ സമീപനം ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. എന്നാൽ നൊബേൽ കമ്മിറ്റിയുടെ മാനദണ്ഡങ്ങളിൽ അതൊന്നും ഉൾപ്പെടില്ല. കൂടാതെ, മഹാത്മാഗാന്ധിയുടെ സമാധാന വാദത്തെക്കുറിച്ചും 1947ൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും നോബൽ കമ്മിറ്റിക്ക് ആശങ്കയുണ്ടായിരുന്നു. സംഘർഷത്തിന് കാരണക്കാരൻ ഗാന്ധിജിയാണെന്നും ഒരു വിഭാഗം വിശ്വസിച്ചു. ഈ ഘടകങ്ങളും അദ്ദേഹത്തിന് സമ്മാനം നൽകേണ്ടതില്ലെന്ന കമ്മിറ്റിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം.

മരണാനന്തര പുരസ്‌കാരങ്ങൾ ലഭിക്കാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. 1948ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള നോമിനേഷൻ അവസാനിക്കുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പാണ് ഗാന്ധിജി വധിക്കപ്പെട്ടത്. അക്കാലത്തെ നോബൽ ഫൗണ്ടേഷന്റെ ചട്ടങ്ങൾ മരണാനന്തര പുരസ്‌കാരങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും, മഹാത്മാഗാന്ധി ഒരു സംഘടനയിലും അംഗമായിരുന്നില്ല. കൂടാതെ വിൽപത്രം എഴുതാത്തതിനാൽ സമ്മാനത്തുക ആർക്കാണ് ലഭിക്കുക എന്നതിലും അവ്യക്തതയുണ്ടായിരുന്നു. അതെല്ലാം ചൂണ്ടിക്കാട്ടി സമിതി ഗാന്ധിജിക്ക് മരണാനന്തര ബഹുമതിയായി സമാധാന നൊബേൽ കൊടുക്കേണ്ട എന്ന് കമ്മിറ്റി അന്തിമമായി തീരുമാനമെടുക്കുകയായിരുന്നു.

മഹാത്മാഗാന്ധിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകേണ്ടതില്ലെന്ന തീരുമാനം പിന്നീട് നോബൽ കമ്മിറ്റിയിലെ അംഗങ്ങൾ ഖേദത്തോടെ പരസ്യമായി അംഗീകരിച്ചു. ഉദാഹരണത്തിന്, 1989ൽ ദലൈലാമയ്ക്ക് സമാധാന സമ്മാനം ലഭിച്ചപ്പോൾ സമിതിയുടെ ചെയർമാൻ പരാമർശിച്ചത് മഹാത്മാഗാന്ധിയുടെ സ്മരണയെ ബഹുമാനിക്കാനുള്ള ഒരു മാർഗമാണ് ഈ അവാർഡ് എന്നാണ്.

Tags:    
News Summary - Why was Mahatma Gandhi never awarded the Nobel Peace Prize?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.