ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ 400ൽ അധികം സീറ്റുകൾ നേടിയാൽ ഭരണഘടന മാറ്റുമെന്ന് പ്രസംഗിച്ച ലോക്സഭ എം.പി അനന്തകുമാർ ഹെഗ്ഡെയെ എന്തുകൊണ്ടാണ് മോദി പാർലമെന്റിൽനിന്നും പുറത്താക്കാത്തതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. നമുക്ക് ഒരു ഭരണഘടനയുണ്ട്. 400 സീറ്റുകൾ നേടിയാൽ തങ്ങൾ (ബി.ജെ.പി) ഭരണഘടന മാറ്റും എന്നാണ് ലോക്സഭ എം.പി അനന്ത്കുമാർ ഹെഗ്ഡെ പറഞ്ഞത്.
എന്തുവിലകൊടുത്തും ഭരണഘടന മാറ്റില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ, ഭരണഘടന മാറ്റാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ച പാർലമെൻറ് അംഗത്തെയോ പാർട്ടി പ്രവർത്തകനെയോ എന്തുകൊണ്ട് പ്രധാനമന്ത്രി പുറത്താക്കിയില്ലെന്നും വ്യാഴാഴ്ച ബംഗളൂരുവിൽ നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
60 ലക്ഷം ഉദ്യോഗാർഥികൾ 60,000 ഒഴിവുകളിലേക്ക് അപേക്ഷിച്ചത് ചൂണ്ടിക്കാണിച്ച് രാജ്യത്തെ വൻതോതിലുള്ള തൊഴിലില്ലായ്മയെക്കുറിച്ചും ശിവകുമാർ പറഞ്ഞു. ആളുകൾ ജോലി തേടി ബംഗളൂരുവിലേക്കാണ് വരുന്നതെന്നും കർണാടക അവർക്കെല്ലാം തൊഴിൽ നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. 14 മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 26നും ബാക്കി 14 മണ്ഡലങ്ങളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് മേയ് ഏഴിനും ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.