ബംഗളൂരു: ബംഗളൂരുവിൽ ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. തന്നെ തലയണകൊണ്ട് മർദിക്കുമെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു.
2020 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. അപാർട്ട്മെന്റിലാണ് ഇരുവരുടെയും താമസം. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം ഭാര്യ തന്നെ അടിമയായാണ് കണക്കാക്കുന്നതെന്നും നിരന്തരം തലയിണകൊണ്ട് അടിക്കുമെന്നും യുവാവ് പരാതി പറഞ്ഞിരുന്നു.
വിലപിടിപ്പുള്ള സാധനങ്ങൾ എപ്പോഴും വാങ്ങാൻ നിർബന്ധിക്കും. സ്വകാര്യ ആവശ്യത്തിനായി ഒരു കാർ പോലും ഭാര്യയുടെ നിർബന്ധത്തിന് വാങ്ങിച്ചു നൽകിയെന്നും യുവാവ് പറയുന്നു. ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട യുവാവ് പണത്തിനും വിലപിടിപ്പുളള വസ്തുക്കൾക്കും വേണ്ടി നിരന്തരം ശല്യം ചെയ്യുന്നുവെന്നും കാരണം കണ്ടെത്തി വഴക്ക് കൂടുമെന്നും പരാതിയിൽ പറയുന്നു.
സെപ്റ്റംബർ 25ന് രാത്രി 10.30ഓടെ അപാർട്ട്മെന്റിന്റെ വാതിൽ യുവാവ് പൂട്ടിയിരുന്നു. എന്നാൽ രാത്രി പുറത്തുപോകണമെന്ന് ഭാര്യ ശാഠ്യം പിടിച്ചു. താക്കോൾ ചോദിച്ചെങ്കിലും താൻ പുറത്തുപോകരുതെന്ന് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. വഴക്ക് ഒഴിവാക്കുന്നതിനായി ഒഴിഞ്ഞുമാറുകയും ചെയ്തു. ശേഷം താൻ ഉറങ്ങാൻ കിടന്നപ്പോൾ കട്ടിലിൽ കയറി തലയണകൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്ന് യുവാവ് പറയുന്നു.
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതോടെ തള്ളിമാറ്റി. ഇതോടെ നെഞ്ചിലും വയറിലും മാന്തുകയും കടിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും പൊലീസിനെ വിളിച്ചു. രണ്ടുപേർക്കും കൗൺസലിങ് നൽകുകയും യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
യുവതി ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടും തനിക്കെതിരെ അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡനപരാതി നൽകിയെന്നും കോടതിയിൽ പോയി പിന്നീട് മുൻകൂർ ജാമ്യമെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ദമ്പതികളുടെ പരാതികൾ സ്വീകരിച്ച് അന്വേഷണം നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിനായി ഇരുവരെയും കൗൺസലിങ്ങിന് വിധേയമാക്കിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.