ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നാളിതുവരെ ഭേദിക്കപ്പെടാതെ കിടന്നൊരു റെക്കോർഡുണ്ട്. മുൻ മുഖ്യമന്ത്രി മാധവ്സിങ് സോളങ്കി 1985ൽ നേടിയ 149 സീറ്റ് എന്ന റെക്കോർഡ്. മൂന്നു പതിറ്റാണ്ടോളം ഗുജറാത്ത് ഭരിച്ചിട്ടും ബി.ജെ.പി സർക്കാരിന് കോൺഗ്രസ് സർക്കാരിന്റെ ഈ റെക്കോർഡ് ഭേദിക്കാൻ സാധിച്ചിരുന്നില്ല. ഇക്കുറി ഈ കടമ്പയും കടന്ന് 156 എന്ന പുതിയ റെക്കോർഡിലേക്ക് ബി.ജെ.പി കടന്നിരിക്കുകയാണ്.
183 അംഗ നിയമ സഭയിൽ 149എന്ന റെക്കോർഡാണ് അന്ന് മാധവ് സിങ് സോളങ്കി കുറിച്ചിട്ടത്. ഗോധ്ര കലാപാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ വർഗീയ കാർഡിളക്കി വോട്ട് പിടിച്ചിട്ടും പോലും ഈ റെക്കോർഡിലേക്കെത്താൻ പോലും ബി.ജെ.പി കഴിഞ്ഞിട്ടില്ല.
2017ലെ തെരഞ്ഞെടുപ്പിൽ 80 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപായി അത് പലരും വിലയിരുത്തിയിരുന്നു. എന്നാൽ അഞ്ചുവർഷം കഴിഞ്ഞപ്പോൾ അതിന്റെ മൂന്നിലൊന്നു പോലും നിലനിർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഗുജറാത്തിന്റെ പൾസ് അറിഞ്ഞാണ് ഇക്കുറി ബി.ജെ.പി കളത്തിലിറങ്ങിയത്.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങൾ പോലും അവർക്ക് വെല്ലുവിളിയായില്ല. സംവരണമില്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പോലും 10 ശതമാനം സീറ്റ് നീക്കിവെക്കാൻ ബി.ജെ.പി ശ്രദ്ധചെലുത്തി. സമൂഹ മാധ്യമങ്ങളുടെ സാധ്യതയും ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ പാർട്ടിയും ബി.ജെ.പി തന്നെ.
ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 50000 വാട്സ്ആപ് ഗ്രൂപ്പുകളാണ് ഉണ്ടാക്കിയത്. ഇതിന്റെ സജീവ പ്രവർത്തനങ്ങൾക്കായി 10,000 വോളന്റിയർമാരെയും നിയോഗിച്ചു. ബി.ജെ.പിക്ക് വോട്ട് ചെയത് വനിത വോട്ടർമാരുടെ എണ്ണവും ഇക്കുറി ഗണ്യമായി വർധിച്ചിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം രാഷ്ട്രീയ നിരൂപകരെ ഗുജറാത്തിൽ ത്രികോണമത്സരം നടക്കുമെന്ന വിലയിരുത്തലിലേക്ക് എത്തിച്ചിരുന്നു. എന്നാൽ എ.എ.പി ഒരുതരത്തിലും ബാധിക്കില്ലെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ആത്മവിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.