ഹൈദരാബാദ്: സംസ്ഥാനങ്ങൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറക്കണമെന്ന രീതിയിലുള്ള അനാവശ്യ വർത്തമാനങ്ങളുമായി വന്നാൽ നാവ് അറുക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. തെലങ്കാന ബി.ജെ.പി നേതാവ് ബന്ദി സഞ്ജയ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ ബി.ജെ.പിക്ക് യാതൊരു ധാർമ്മിക അവകാശവുമില്ല. പെട്രോളിയം ഉൽപന്നങ്ങളുടെ സെസ് നീക്കം ചെയ്യാൻ ആദ്യം എൻ.ഡി.എ സർക്കാർ തയ്യാറാകണം. അല്ലാതെ അനാവശ്യ സംസാരവുമായി വന്നാൽ ഞങ്ങൾ നാവറുത്ത് നാല് കഷ്ണമാക്കും -മുഖ്യമന്ത്രി പറഞ്ഞു.
''നിങ്ങളുടെ നിസ്സാര രാഷ്ട്രീയത്തിന് വേണ്ടി നാറ്റം വമിക്കുന്ന വായ കൊണ്ട് നിങ്ങൾ ഇഷ്ടം പോലെ സംസാരിക്കുന്നു. തെലങ്കാനയിലെ ജനങ്ങൾക്കെതിരെ സംസാരിച്ചാൽ കെ.സി.ആർ പൊറുക്കില്ല. നിങ്ങൾ എന്നെ പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. എന്നെ അധിക്ഷേപിക്കുക, പക്ഷേ തെലങ്കാനയിലെ കർഷകരെ വഞ്ചിക്കാനും സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങൾ ഇത് അനുവദിക്കില്ല" -മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ഇങ്ങനെ തുടരുന്നു.
പെട്രോളിനും ഡീസലിനും ചുമത്തിയിട്ടുള്ള മൊത്തം സെസ് എടുത്തുകളയുകയാണ് വേണ്ടത്. അത് സാധ്യമാണ്. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിക്കാതെ തന്നെ പെട്രോൾ, ഡീസൽ എന്നിവക്കു മേൽ സർക്കാർ അനാവശ്യ സെസ് ചുമത്തി. പാവപ്പെട്ടവർക്കും ഇടത്തരം ജനങ്ങൾക്കും ഇത് ഭാരമായി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ മൊത്തം സെസ് പിൻവലിക്കണം -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.