നവീൻ ശേഖരപ്പ ഗ്യാന ഗൗഡർ

നവീന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി ദാനം ചെയ്യുമെന്ന് പിതാവ്

ന്യൂഡൽഹി: യുക്രെയ്നിലെ ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പ ഗ്യാന ഗൗഡറിന്‍റെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി ദാനം ചെയ്യാൻ തീരുമാനിച്ചതായി പിതാവ് ശേഖരപ്പ. നവീനിന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

മെഡിക്കൽ പഠനമെന്ന സ്വപ്നവുമായാണ് 21 വയസ്സുകാരനായ നവീൻ യുക്രെയ്നിലെത്തിയത്. തന്‍റെ ആഗ്രഹ സാക്ഷാൽകാരത്തിനും വളരെ മുമ്പ് തന്നെ റഷ്യൻ അധിനിവേശത്തിന്‍റെ ഇരയാക്കപ്പെട്ട് ലക്ഷ്യത്തിലേക്കുള്ള യാത്ര പാതിയിൽ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും മകന്‍റെ ശരീരം മറ്റ് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനെങ്കിലും ഉപയോഗപ്പെടണമെന്ന് മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.

മെഡിക്കൽ രംഗത്ത് എന്തെങ്കിലുമൊക്കെ നേടണമെന്നാഗ്രഹിച്ച തന്‍റെ മകന് അതിന് സാധിച്ചില്ല. അതിനാൽ മകന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി നൽകാൻ തീരുമാനിച്ചതെന്നും പിതാവ് പറഞ്ഞു. 21ന് പുലർച്ചെ ബംഗളൂരു വിമാനത്തവളത്തിലെത്തുന്ന നവീന്‍റെ ശരീരം മതാചാരപ്രകാരം പൂജ നടത്തി പൊതുദർശനത്തിന് വെച്ച ശേഷം ദാവണഗരെ എസ്.എസ് ആശുപത്രിക്ക് ഗവേഷണത്തിനായി ദാനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

മകന്‍റെ ശരീരം തിരികെ നാട്ടിലെത്തിച്ചു തന്നതിൽ സന്തോഷമുണ്ട്. മുഖ്യമന്ത്രി ബൊമ്മൈയുമായി ഫോണിൽ സംസാരിക്കുകയും മൃതദേഹം തിരികെ നാട്ടിലെത്തിക്കാൻ സഹായിച്ചതിൽ അദ്ദേഹത്തിനോട് നന്ദി അറിയിച്ചെന്നും പിതാവ് പറഞ്ഞു. മൃതദേഹം എത്തിയതിന് ശേഷം ഗ്രാമത്തിലേക്ക് എത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിലെ ഹവേരി ജില്ലക്കാരനായ നവീൻ ജ്ഞാനഗൗഡർ ഖാർകിവിൽ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്നു. റഷ്യൻ അധിനിവേശം ശക്തമായ യുക്രെയ്നിൽ ബങ്കറിൽ സുരക്ഷിതനായി തുടരുന്നതിനിടെ ഭക്ഷണം വാങ്ങാനായി അടുത്തുള്ള സൂപ്പർമാർക്കറ്റിലെ ക്യൂവിൽ നിൽക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്.

നവീന്‍റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ബംഗളൂരു എയർപോട്ടിലെത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ അറിയിച്ചിരുന്നു. മരണത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി നവീന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടംബാംഗങ്ങളിലൊരാൾക്ക് ജോലിയും വാഗ്ദാനം നൽകിയിരുന്നു.

Tags:    
News Summary - Will Donate Son's Body For Research, Father Of Student Killed In Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.