ന്യൂഡൽഹി: കർഷക പ്രക്ഷോഭകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദവിയെ മാനിക്കുമെന്നും അതേസമയം പ്രതിഷേധിക്കുന്ന കർഷകരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും ഭാരത് കിസാൻ യൂനിയൻ (ബി.കെ.യു) നേതാവ് നരേഷ് തികെയ്ത്. താൻ കർഷകരുമായി സംസാരിക്കാൻ ഒരു ഫോൺകോൾ അകലെയുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞതിെൻറ തൊട്ടടുത്ത ദിവസമാണ് നരേഷ് തികെയ്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
തങ്ങളുടെ പ്രവർത്തകരെ സർക്കാർ വിട്ടയക്കണമെന്നും ചർച്ചക്കുള്ള സാഹചര്യം ഒരുക്കണമെന്നും മാന്യമായ പരിഹാരത്തിലേക്കെത്തണമെന്നും തികെയ്ത് പറഞ്ഞു.
''സമ്മർദ്ദത്തിന് വഴങ്ങി ഞങ്ങൾ ഒന്നും അംഗീകരിക്കില്ല. പ്രധാനമന്ത്രിയുടെ പദവിയെ ഞങ്ങൾ മാനിക്കുന്നു. സർക്കാറോ പാർലമെേൻറാ അവർക്ക് മുമ്പിൽ തല കുനിക്കണമെന്ന് കർഷകർ ആഗ്രഹിക്കുന്നില്ല. കർഷകരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. ഇതിനിടയിലെ വഴി കണ്ടെത്തണം. ചർച്ച നടക്കണം.'' -അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലെ കർഷക റാലിയിൽ നടന്ന അക്രമ സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തികെയ്ത് ആരോപിച്ചു. ''ദേശീയ പതാകയാണ് എല്ലാത്തിനും മുകളിൽ. ദേശീയ പതാകയോട് അനാദരവ് കാണിക്കാൻ ആരെയും അനുവദിക്കില്ല. അത് സഹിക്കാൻ സാധിക്കില്ല.'' -അദ്ദേഹം പറഞ്ഞു.
അതേസമയം, സമ്മർദ്ദത്തിലാക്കിക്കൊണ്ട് ഒരു ഉടമ്പടിയും ഉണ്ടാവില്ലെന്നും ചർച്ച നടക്കുമെന്നും ഭാരത് കിസാൻ യൂനിയൻ നേതാവായ രാകേഷ് തികെയ്ത് പറഞ്ഞു.
''സമ്മർദ്ദത്തിലായിക്കൊണ്ട് യാതൊരു ഉടമ്പടിയും ഉണ്ടാവില്ല. ഇൗ വിഷയത്തിൽ ഞങ്ങൾ ചർച്ച നടത്തും. പ്രധാനമന്ത്രി ഞങ്ങളുടേതു കൂടിയാണ്. അദ്ദേഹം മുൻകൈയെടുക്കുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങൾ അതിനെ മാനിക്കും. ഞങ്ങൾക്ക് ഞങ്ങളുടെ ആളുകൾ മോചിപ്പിക്കപ്പെടേണ്ടതുണ്ട്.'' -രാകേഷ് തികെയ്ത് കൂട്ടിച്ചേർത്തു.
കർഷക റാലിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 40 കേസുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. 80 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.