ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നതിൽ ബംഗ്ലാേദശുമായി കൈകോർത്ത് മ്യാന്മറിനുമേൽ സമ്മർദം ചെലുത്താൻ ഇന്ത്യ. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് മുദ്രകുത്തി റോഹിങ്ക്യകളെ പുറത്താക്കാനുള്ള നീക്കം ആഗോള പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ രാജ്യാന്തര സമ്മർദതന്ത്രം പയറ്റുന്നത്. റോഹിങ്ക്യകളെ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ മ്യാന്മറിനോട് ആവശ്യപ്പെടാനാണ് നീക്കം.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ വ്യാഴാഴ്ച ഫോണിൽ വിളിച്ച് റോഹിങ്ക്യൻ പ്രശ്നത്തിൽ ബംഗ്ലാേദശിന് പിന്തുണ പ്രഖ്യാപിച്ചത് ഇൗ നീക്കത്തിെൻറ ഭാഗമായാണ്. ബംഗ്ലാദേശിെൻറ അതേ നിലപാടു തന്നെയാണ് വിഷയത്തിൽ ഇന്ത്യക്കുമെന്ന് സുഷമ പറഞ്ഞതായി ശൈഖ് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നസറുൽ ഇസ്ലാം ധാക്കയിൽ പറഞ്ഞു. പ്രാദേശിക പ്രശ്നമെന്ന നിലയിൽനിന്ന് ഇത് ആേഗാള പ്രശ്നമായി വളർന്നതായും സുഷമ ചൂണ്ടിക്കാട്ടി. ഇൗ മാസം അവസാനം ചേരുന്ന യു.എൻ ജനറൽ അസംബ്ലിയിൽ വിഷയം ഉന്നയിക്കുമെന്ന് ഹസീന ഉറപ്പുനൽകി.
റോഹിങ്ക്യകളെ കൂടുതൽ കാലം സംരക്ഷിക്കാനാവില്ലെന്ന നിലപാട് വ്യക്തമാക്കിയ ഹസീന, ഇന്ത്യയുടെ സഹായവും തേടി. വംശീയാക്രമണം അവസാനിപ്പിച്ച് അഭയാർഥികളെ തിരിച്ചുകൊണ്ടുപോകണമെന്നാണ് ഇരു രാജ്യങ്ങളുടെയും ആവശ്യം.
റോഹിങ്ക്യകൾ രാജ്യസുരക്ഷക്ക് ഭീഷണിയായതിനാൽ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം വിവാദമായതിനെതുടർന്ന്, സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സുഷമ, ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തിയത്. അതിനിടെ, അഭയാർഥികൾക്കുവേണ്ടി 7000 ടൺ സാധനങ്ങൾകൂടി ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് അയക്കുമെന്ന് ധാക്കയിലെ ഇന്ത്യൻ ഹൈകമീഷണർ ഹർഷ് വർധൻ ഷ്റിംഗ്ല പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 25നുശേഷം മ്യാന്മറിൽനിന്ന് മൂന്നുലക്ഷം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.