ചെന്നൈ: ക്ലീന്‍ പൊളിറ്റിക്‌സ് ആണ് തനിക്ക് താത്പര്യമെന്ന് തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. ഇന്ന് രാഷ്ട്രീയം പണത്തില്‍ അധിഷ്ഠിതമാണെന്നും നിലവിലെ രാഷ്ട്രീയത്തിന് വേണ്ടി ഞാന്‍ മാറേണ്ടി വരുമെന്ന് പറഞ്ഞാല്‍ ആ രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നും അണ്ണാമലൈ പറഞ്ഞു. ചെന്നൈയില്‍ നടന്ന സൗരാഷ്ട്ര സംഗമം പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം.
വോട്ടര്‍മാരെ കൊഞ്ചിച്ച് അവര്‍ക്ക് പണം നല്‍കി കൈവശപ്പെടുത്തുന്നത് നൂറ്റാണ്ടുകള്‍ പിന്നിട്ടാലും സംസ്ഥാനത്ത് കളങ്കമില്ലാത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് എത്തില്ല. ‘ക്ലീന്‍ പൊളിറ്റിക്‌സ് ആണ് എന്റെ ലക്ഷ്യം. നിലവിലെ രാഷ്ട്രീയത്തിന് വേണ്ടി ഞാന്‍ മാറേണ്ടി വരുമെന്ന് പറഞ്ഞാല്‍ ആ രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നേ ഞാന്‍ പറയൂ. നിലവില്‍ പണം കൊടുക്കാതെ ആര്‍ക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല എന്ന അവസ്ഥയാണ്.
ബി.ജെ.പി നേതാവെന്ന നിലയില്‍ അത്തരം രാഷ്ട്രീയത്തോട് പൊരുത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വോട്ടര്‍മാരെ കൊഞ്ചിച്ച് അവര്‍ക്ക് പണം നല്‍കി കൈവശപ്പെടുത്തുന്നത് നൂറ്റാണ്ടുകള്‍ പിന്നിട്ടാലും സംസ്ഥാനത്ത് കളങ്കമില്ലാത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് എത്തില്ല. ഇപ്പോഴും മാറ്റമില്ല, ആയിരം വര്‍ഷം കഴിഞ്ഞാലും ഈ സ്ഥിതി തുടരുകയാണെങ്കില്‍ മാറ്റം ഉണ്ടാകാനും പോകുന്നില്ല.
അറവകുറിച്ചി തെരഞ്ഞെടുപ്പോട് കൂടി എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ കടക്കാരനായി മാറിയെന്നും അണ്ണാമലൈ പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായുള്ള സഖ്യത്തിന് എതിരാണെന്ന് അണ്ണാമലൈ വെള്ളിയാഴ്ച പാർട്ടി യോഗത്തിൽ പറഞ്ഞിരുന്നു. പാർട്ടി തന്നോട് യോജിക്കുന്നില്ലെങ്കിൽ ഒരു സാധാരണ കേഡറായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഫ്രഞ്ച് വിമാനക്കമ്പനിയായ റഫാലിന്റെ അത്യാഡംബര വാച്ച് ധരിച്ചതിന് വിവാദത്തിൽപ്പെട്ടിട്ടുള്ളയാളാണ് അണ്ണാമലൈ. വാച്ചിന് അഞ്ചു ലക്ഷത്തോളം രൂപ വിലയുണ്ടെന്നാണ് ആരോപണം ഉയർന്നത്. റഫാലിന്റെ ലിമിറ്റഡ് എഡിഷൻ വാച്ചാണ് അണ്ണാമലൈയുടെ പക്കലുള്ളത്. ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ വി. സെന്തിൽ ബാലാജിയാണ് വാച്ച് ഉയർത്തിക്കാട്ടി ബി.ജെ.പി നേതാവിനെതിരെ ആദ്യമായി രംഗത്തെത്തിയത്. ആകെ രണ്ട് ആടും ഒരു പശുവും മാത്രമാണ് തനിക്കുള്ളതെന്ന് അവകാശപ്പെട്ടിരുന്ന അണ്ണാമലൈ എങ്ങനെയാണ് അഞ്ചു ലക്ഷത്തിന്റെ വാച്ച് വാങ്ങിയതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
വാച്ചിന് 3.5 ലക്ഷം മാത്രമേ വിലയുള്ളൂവെന്നായിരുന്നു വിവദത്തിനിടെ ബി.ജെ.പി നേതാവിന്റെ പ്രതികരണം. ദേശസ്‌നേഹിയായതുകൊണ്ടാണ് ഈ വാച്ച് ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഒരു ദേശസ്‌നേഹിയായതുകൊണ്ടാണ് ഞാൻ ഈ വാച്ച് ധരിക്കുന്നത്. ഈ വാച്ച് എനിക്ക് വളരെ പ്രധാനമാണ്. എനിക്ക് റഫാൽ വിമാനം പറത്താനാകില്ല. അതുകൊണ്ട്, മരണംവരെ ഞാൻ ഈ വാച്ച് ധരിക്കും.'-ഇങ്ങനെയായിരുന്നു അന്ന് കെ. അണ്ണാമലൈ രാഷ്ട്രീയവിവാദത്തോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.