ന്യൂഡൽഹി: കോൺഗ്രസിന് രാജസ്ഥാൻ മറ്റൊരു പഞ്ചാബാകുമോ? മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാനിലെ പാർട്ടിയിൽ മേജർ ശസ്ത്രക്രിയതന്നെ വേണ്ടിവരുമോ? കോൺഗ്രസ് നേതൃത്വം ആശങ്കയിലാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രതിയോഗി സചിൻ പൈലറ്റുമായുള്ള പോര് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകൾക്ക് വലിയ ദോഷമാണ് ചെയ്യുന്നതെന്ന് നേതൃത്വം കരുതുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിന്റെ വക്കിൽ സമവായത്തിന്റെ വഴിയല്ലാതെ, അച്ചടക്കത്തിന്റെ വാളോങ്ങാൻ പരിമിതിയുണ്ട്. ഗെഹ്ലോട്ടിനെ പിന്തുണക്കുകയും സചിനെ പിണക്കാതിരിക്കുകയും ചെയ്യുകയെന്ന ഞാണിന്മേൽകളി എത്രകണ്ട് വിജയിക്കുമെന്ന് തല പുകക്കുകയുമാണ് നേതൃത്വം.
കഴിഞ്ഞ സർക്കാറിന്റെ അഴിമതിക്കെതിരെ ഗെഹ്ലോട്ട് ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി ഏകദിന ഉപവാസം നടത്തിയ സചിൻ പൈലറ്റ് പാർട്ടി നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തി.
അതേസമയം, രാജസ്ഥാൻ സാഹചര്യങ്ങൾ സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി സുഖ്ജിന്തർ രൺധാവ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെക്കണ്ട് ചർച്ച ചെയ്തു. ഗെഹ്ലോട്ടിനോട് ഏറ്റുമുട്ടി പലവട്ടം തോറ്റ സചിൻ പൈലറ്റിന്റെ അടുത്ത നീക്കമെന്തായിരിക്കുമെന്ന ഉൾഭയം നേതൃത്വത്തിനുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ വിയർപ്പൊഴുക്കിയ യുവനേതാവിനെ തള്ളിമാറ്റി മൂന്നാമൂഴം മുഖ്യമന്ത്രിയായ ഗെഹ്ലോട്ടിനൊപ്പമാണ് ഇപ്പോൾ ബഹുഭൂരിപക്ഷം എം.എൽ.എമാർ. എന്നാൽ, രണ്ടു ഡസനോളം എം.എൽ.എമാർ സചിനൊപ്പമുണ്ട്.
ഫലത്തിൽ പാർട്ടിയുടെ ജയപരാജയങ്ങളിൽ സചിന്റെ അടുത്ത നീക്കം പ്രധാനമാണ്. സചിന്റെ ഉപവാസത്തിന് തൊട്ടുപിറ്റേന്ന് പ്രത്യേക വാർത്തസമ്മേളനം നടത്തിയ അശോക് ഗെഹ്ലോട്ട്, ആ പേരു പോലും ഉച്ചരിച്ചില്ല. അഴിമതിക്കെതിരെ നിരവധി അന്വേഷണ നടപടികൾ മുന്നോട്ടു പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിൽ നിരവധി സൗജന്യങ്ങളുടെ വാഗ്ദാനങ്ങൾകൂടി മുന്നോട്ടുവെക്കാനും ഗെഹ്ലോട്ട് മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.