2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമയും കേന്ദ്ര സർക്കാർ വിലക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘‘ബ്രിട്ടീഷ് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ട്വിറ്ററിലും യുട്യൂബിലും ബി.ബി.സി അഭിമുഖം മോദി സർക്കാർ നിരോധിച്ചു. ഞങ്ങൾ മോദിയോട് ചോദിക്കുന്നു, ഗുജറാത്ത് കലാപത്തിൽ ബഹിരാകാശത്ത് നിന്നോ ആകാശത്തുനിന്നോ ആരെങ്കിലും ആളുകളെ കൊന്നോ. ബി.ജെ.പി ഡോക്യുമെന്ററിക്ക് നിരോധനം ഏർപ്പെടുത്തി. ഞാൻ മോദിയോടും ബി.ജെ.പിയോടും ചോദിക്കുന്നു, ഗാന്ധിയെ വധിച്ച ഗോഡ്സെയെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?. ഗോഡ്സെയെ കുറിച്ച് ഒരു സിനിമ വരുന്നുണ്ട്. ഇതിന് പ്രധാനമന്ത്രി വിലക്കേർപ്പെടുത്തുമോ? ഗോഡ്സെയെ കുറിച്ചുള്ള സിനിമ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് മുമ്പ് നിരോധിക്കാൻ ഞാൻ ബി.ജെ.പിയെ വെല്ലുവിളിക്കുന്നു’’, എന്നിങ്ങനെയായിരുന്നു ഉവൈസിയുടെ പ്രതികരണം.
‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന പേരിൽ ഗുജറാത്ത് വംശഹത്യക്ക് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സമർത്ഥിക്കുന്ന ഡോക്യുമെന്ററി ബി.ബി.സി പുറത്തുവിട്ടത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ഇതിനു പിന്നാലെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും കേന്ദ്ര സർക്കാർ ട്വിറ്ററിൽനിന്നും യുട്യൂബിൽനിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളും നേതാക്കളും രംഗത്തുവരികയും ഡോക്യുമെന്ററി കാണാവുന്ന ഇതര ലിങ്കുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.