ലോക്സഭയിലേക്ക് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിലേക്ക് കടന്നാൽ ഗോതമ്പുപാടങ്ങളിൽ വിളവെടുപ്പിന്റെ തിരക്കാണ്. വെയിലിൽ വെട്ടിത്തിളങ്ങുന്ന സ്വർണ നിറമുള്ള ഗോതമ്പു കതിരുകൾ. പൊരിവെയിലത്തിരുന്ന് അവ കൊയ്തെടുക്കുന്ന ചെറുകിട കർഷക കുടുംബങ്ങളും കർഷകത്തൊഴിലാളികളും.
അര ഏക്കർ തൊട്ട് അഞ്ച് ഏക്കർവരെയുള്ള സ്വന്തം കൃഷിഭൂമിയിൽ കൃഷി ഇറക്കുന്ന ചെറുകിടക്കാരാണ് ഗോതമ്പ് കർഷകരിൽ ബഹു ഭൂരിഭാഗവും. കൊയ്തെടുത്ത കതിരുകൾ പാടങ്ങളിൽനിന്ന് കറ്റകളാക്കിവെച്ചിരിക്കുന്നു. മറുഭാഗത്ത് കരിമ്പിൻ പാടങ്ങളിലും കൊയ്ത്തുതന്നെ.
ട്രാക്ടറുകളിലേറി റോഡുകളിലൂടെ നിരങ്ങി നീങ്ങുന്ന കരിമ്പിൻ കൂനകൾ. സഹാറൻപുരിലേക്കുള്ള വഴിയിൽ അസദ്പുർ ജിരാന ഗ്രാമത്തിലെ ഗോതമ്പുപാടങ്ങളിലൊന്നിൽ പൊരിവെയിലിലിരുന്ന് പൊൻകതിരുകൾ കൊയ്തെടുക്കുന്ന ഉമ്മയെയും മകനെയും കണ്ടു. സ്വന്തം കൃഷിയിടത്തിൽ കൊയ്ത്ത് നടത്തുന്ന ചെറുകിട കർഷക കുടുംബം ആയിരിക്കുമെന്നാണ് കരുതിയത്.
അങ്ങനെയല്ലെന്നും തൊഴിലാളികളാണെന്നും ഒരു ബിഗ കൃഷിഭൂമി കൊയ്താൽ തങ്ങൾക്ക് 35 കിലോ ഗോതമ്പ് കിട്ടുമെന്നും മകൻ ആരിഫ് പറഞ്ഞു. ഏഴാം ക്ലാസിൽനിന്ന് പഠനം നിർത്തിയ ആരിഫ് വിളവെടുപ്പ് കാലത്ത് ഉമ്മക്കൊപ്പം ഇറങ്ങും. ഒരു ബിഗ കൃഷിയിടം ഇരുവരും കൂടിയിരുന്നിട്ടും ഒരു ദിവസം കൊണ്ട് തീർക്കാൻ പാടുപെടുകയാണ്.
തെരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തിയതിന്റെ കൊടിതോരണങ്ങളോ പ്രചാരണ കോലാഹലങ്ങളോ ഇല്ലല്ലോ എന്ന് ചോദിച്ചപ്പോൾ ആർക്കൊക്കെ വോട്ടു ചെയ്യണമെന്ന് ഉറപ്പിച്ചു കഴിഞ്ഞതു കൊണ്ടാകുമെന്ന് പറഞ്ഞത് ഉമ്മയാണ്.
ഉമ്മയും വോട്ടുറപ്പിച്ചോ എന്ന് ചോദിച്ചപ്പോൾ ഞാനൊറ്റക്കല്ല ഗ്രാമം ഒന്നടങ്കം ഉറപ്പിച്ചെന്നും ഇക്കുറി ഇക്റ ഹസനെ ജയിപ്പിക്കുമെന്നും അതിൽ ഹിന്ദു-മുസ്ലിം ഭേദമില്ലെന്നും മറുപടി.
കൈരാനയിൽ ഇക്കുറി ഹിന്ദു-മുസ്ലിം കളി വിലപ്പോവില്ലെന്ന് തൊട്ടടുത്ത ഹിന്ദു പ്രധാൻ ബ്രിജ്പാൽ സിങ്ങും സുഹൃത്ത് സത്പാൽ സിങ്ങും ആണയിടുന്നു.
ബി.ജെ.പി സ്ഥാനാർഥി പ്രദീപ് കുമാർ ഗുജ്ജർ ആയിട്ടും ഹിന്ദു ഗുജ്ജർ ഗ്രാമം ഒന്നാകെ അദ്ദേഹത്തിനെതിരെ ഇക്റ ഹസന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് വിളിച്ചു ചേർത്തത് ബ്രിജ്പാൽ സിങ് ചൂണ്ടിക്കാട്ടി. ഹിന്ദു-മുസ്ലിം പറഞ്ഞ് ജയിച്ചു പോയ പ്രദീപ് കുമാർ അതേ കളിയിൽ ഇനിയും ജയിക്കുമെന്ന അഹങ്കാരം കൊണ്ട് മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയതേ ഇല്ലെന്ന് ബ്രിജ് പാൽ പറഞ്ഞു.
കൈരാനയിൽ മാത്രമല്ല, മുസഫർ നഗർ അടക്കം പടിഞ്ഞാറൻ യു.പിയിലെ പല മണ്ഡലങ്ങളിലും ബി.ജെ.പി കടുത്ത വെല്ലുവിളി നേരിടുന്നത് 2014 ലും 2019 ലും ഏശിയ പോലെ ഹിന്ദു-മുസ്ലിം കളി ഏശാത്തതുകൊണ്ടാണെന്നും ബ്രിജ് പാൽ സിങ് പറഞ്ഞു. യു.പിയിലെ ഹിന്ദു-മുസ്ലിം കൃഷി പഴയത് പോലെ ഏശാത്ത പടിഞ്ഞാറൻ യു.പിയിൽ ഇക്കുറി ബി.ജെ.പിയുടെ വിളവെടുപ്പ് മോശമാകുമോ എന്ന് ജൂൺ നാലിനറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.