ലഖ്നോ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസമാണ് അഖിലേഷ് യാദവിന് പ്രതിഷ്ഠാദിന ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചത്. ഇതിന് പിന്നാലെ മറ്റ് പ്രതിപക്ഷ നേതാക്കളുടെ പാത പിന്തുടർന്ന് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ് അറിയിക്കുകയായിരുന്നു. പ്രതിഷ്ഠക്ക് ശേഷം രാമക്ഷേത്രം സന്ദർശിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവരെല്ലാം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ഭാഗമായ ആരും ചടങ്ങിനെത്തില്ലെന്നാണ് സൂചന.
ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായിയെ താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചതായി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് അറിയിച്ചു. ക്ഷണത്തിന് നന്ദി, പ്രതിഷ്ഠാദിനത്തിന് ശേഷം കുടുംബാംഗങ്ങളോടൊപ്പം അയോധ്യയിലെത്തുമെന്നായിരുന്നു അഖിലേഷ് ചമ്പത് റായിയെ അറിയിച്ചത്.
നേരത്തെ 100 ശതമാനവും സനാതന ധർമ്മത്തിൽ താൻ വിശ്വസിക്കുണ്ടെന്ന പറഞ്ഞ അഖിലേഷ് യാദവ് ക്ഷേത്ര സന്ദർശനം നടത്താൻ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്നും പറഞ്ഞിരുന്നു. നിരവധി പേരാണ് രാമക്ഷേത്ര പ്രതിഷ്ഠചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചത്. ശങ്കരാചാര്യൻമാരും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.