ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാലസമ്മേളത്തിന് ഇന്ന് തുടക്കം. 16 പുതിയ ബില്ലുകൾ ഉൾപ്പടെ 25 ബില്ലുകൾ സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. വനസംരക്ഷണ നിയമ ഭേദഗതി ബിൽ, ജൈവവൈവിധ്യ നിയമഭേദഗതി ബിൽ, നഴ്സിങ്-മിഡ്വൈഫറി കമീഷൻ ബിൽ, ട്രേഡ് മാർക്ക് ഭേദഗതി, അന്തർ സംസ്ഥാന സഹകരണസംഘ നിയമഭേദഗതി ബിൽ തുടങ്ങിയ ബില്ലുകളാണ് അവതരിപ്പിക്കുക.
ആകെ 17 സിറ്റിങ്ങുകളാണ് ഉണ്ടാവുക. ഈ കാലയളവിലാണ് 25 ബില്ലുകൾ അവതിരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. അന്തരിച്ച സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് ഉൾപ്പെടെയുള്ളവർക്ക് ആദരാജ്ഞലി അർപ്പിച്ചാണ് സമ്മേളനം ആരംഭിക്കുക. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അധ്യക്ഷനാകുന്ന ആദ്യ രാജ്യസഭാ സമ്മേളനമാണിത്. അംഗങ്ങൾക്കായി പെരുമാറ്റ ചട്ടം രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ശീതകാല സമ്മേളനം ഡിസംബർ 29ന് അവസാനിക്കും.
ശീതകാല പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്നിരുന്നു. യോഗത്തിൽ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ച പ്രതിപക്ഷം വിലക്കയറ്റം, തൊഴിലില്ലായ്മ, അതിർത്തി വിഷയം, മുന്നാക്ക സംവരണം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങൾ സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ജൂലൈ 18 മുതൽ ആഗസ്റ്റ് എട്ട് വരെയാണ് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.