'കോൺഗ്രസില്ലെങ്കിൽ യു.പി.എക്ക് ആത്മാവുണ്ടാകില്ല'; മമതക്കെതിരെ മുതിർന്ന നേതാക്കൾ

ന്യൂഡൽഹി: യു.പി.എ ഇപ്പോഴില്ലെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ. കോൺഗ്രസില്ലാത്ത യു.പി.എ ആത്മാവില്ലാത്ത ശരീരം മാത്രമായിരിക്കുമെന്നും പ്രതിപക്ഷം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും കപിൽ സിബൽ പറഞ്ഞു.

ടി.എം.സി നേതാവ് ബുദ്ധിശൂന്യമായ പ്രസ്താവനകൾ നടത്തുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. മമത ബാനർജിക്ക് യു.പി.എ എന്താണെന്ന് അറിയില്ലെ‍? അവർക്ക് ഭ്രാന്ത് തുടങ്ങിയെന്ന് തോന്നുന്നു. ഇന്ത്യയിലുടനീളം മമത, മമത എന്ന് ജപിക്കാൻ തുടങ്ങിയെന്നാണ് അവർ ചിന്തിക്കുന്നതെന്നും ചൗധരി പരിഹസിച്ചു.

വിവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ ടി.എം.സിയെ ഉൾപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നതായി രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രതിപക്ഷം ഭിന്നിച്ച് പരസ്പരം പോരടിക്കരുത്. ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻ.സി.പി നേതാവ് ശരദ് പവാറുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസുമായുള്ള അതൃപ്തി മമത വീണ്ടും പരസ്യമാക്കിയത്. എന്ത് യു.പി.എ എന്നു ചോദിച്ച അവർ, യു.പി.എ സഖ്യം ഇപ്പോഴില്ലെന്നും പരിഹസിച്ചിരുന്നു. 

Tags:    
News Summary - With no Congress, UPA left without soul’: Party leaders slam Mamata’s remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.