ബംഗളൂരു: വോട്ട് ചെയ്യണോ വേണ്ടേ? എന്നതായിരുന്നു ബംഗളൂരുവിലെ 78 വയസുള്ള കലാവതിക്കു മുന്നിലുള്ള ചോദ്യം. ബംഗളൂരു സ്വദേശിയായ കലാവതിയെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും ശ്വാസം മുട്ടലുമായിരുന്നു രോഗലക്ഷണം.
സാധാരണഗതിയിൽ രക്തത്തിൽ 95 ശതമാനം ഓക്സിജൻ വേണം. എന്നാൽ കലാവതിയെ ജയനഗറിലെ മണിപ്പാൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവരുടെ ഓക്സിജൻ അളവ് 80 ശതമാനമായിരുന്നു. പരിശോധനയിൽ ന്യൂമോണിയയും സ്ഥിരീകരിച്ചു. തുടർന്ന് ആന്റിബയോട്ടിക്കുകളും ഓക്സിജൻ തെറാപ്പിയും ആന്റിവൈറൽ മരുന്നുകളും തുടങ്ങി.
ഓരോ ദിവസംകഴിയുമ്പോഴും ആരോഗ്യനില മെച്ചപ്പെട്ടു. അവസാനം റിക്കവറി മുറിയിലേക്ക് മാറ്റി. അപ്പോഴാണ് തനിക്ക് വോട്ട് ചെയ്യണമെന്ന് കലാവതി ഡോക്ടർമാരോട് പറയുന്നത്. ജനാധിപത്യത്തിന്റെ ഭാഗമാകാനുള്ള കലാവതിയുടെ ആഗ്രഹം തള്ളിക്കളയാൻ ഡോക്ടർമാരും ഒരുക്കമായിരുന്നില്ല. തുടർന്ന് നഴ്സ്മാരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘത്തിനൊപ്പം സ്ട്രച്ചറിൽ കലാവതിയെ അവരുടെ മണ്ഡലത്തിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.