ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽ. അഞ്ച് സ്റ്റാർട്ടപ്പ് കമ്പനികളുടെ മാനേജിങ് ഡയറക്ടറായ ഭോഗിറെഡ്ഡി തൃഷ എന്ന യുവതിയാണ് ടെലിവിഷൻ അവതാരകൻ പ്രണവ് സിസ്റ്റ്ലയെ തട്ടിക്കൊണ്ടുപോയത്.
തൃഷ രണ്ട് വർഷം മുമ്പ് ഒരു മാട്രിമോണി വെബ്‌സൈറ്റിൽ ടി.വി അവതാരകന്‍റെ ഫോട്ടോകൾ കാണുകയും അക്കൗണ്ട് ഉടമയുമായി ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. പിന്നീട് പ്രണവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ട് മറ്റാരൊ നിർമിച്ചതാണെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചത്.
തുടർന്നും മെസേജുകൾ അയച്ചപ്പോൾ തൃഷയെ പ്രണവ് ബ്ലോക്ക് ചെയ്തതായി പൊലീസ് പറയുന്നു. വിവാഹം നടത്താനായാണ് തട്ടികൊണ്ട് പോയതെന്നും പൊലീസ് വ്യക്തമാക്കി.
പ്രണവിനെ പിന്തുടരാനും ചലനങ്ങൾ നിരീക്ഷിക്കാനുമായി തൃഷ കാറിൽ ട്രാക്കിങ് ഉപകരണം സ്ഥാപിക്കുകയും തട്ടികൊണ്ടുപോകാനായി നാല് പേരെ ഏർപ്പാടാക്കുകയും ചെയ്തു. ഫെബ്രുവരി 11ന് ഇവർ പ്രണവിനെ തൃഷയുടെ ഓഫിസിൽ എത്തിച്ച് ക്രൂരമായി മർദിച്ചു. യുവതിയുടെ ഫോൺകോളുകൾക്ക് മറുപടി നൽകാമെന്ന് പറഞ്ഞതിന് ശേഷമാണ് ഇവർ പ്രണവിനെ വിട്ടയച്ചത്. തുടർന്ന് പ്രണവ് പരാതി നൽകുകയും പൊലീസ് തൃഷയെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.