ഭോപാൽ: മധ്യപ്രദേശിൽ സ്കൂട്ടർ യാത്രക്കാർക്ക് നേരെ സദാചാര ആക്രമണം. യുവാവിനൊപ്പം സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്ത യുവതി ധരിച്ച ഹിജാബ് ബലമായി അഴിക്കാൻ ശ്രമിച്ച സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിനിടയാക്കി. ഭോപാലിലെ ഇസ്ലാം നഗറിലാണ് സംഭവം.
ഹിജാബ് അഴിക്കാൻ നിർബന്ധിക്കുന്നതിനിടെ യുവതി കരയുന്ന വിഡിയോ രംഗങ്ങൾ പുറത്തുവന്നു. യുവതി സമുദായത്തിന് അപമാനമാണെന്ന് ഒരാൾ വിഡിയോയിൽ പറയുന്നത് കേൾക്കാം. ഹിന്ദു യുവാവിനൊപ്പമാണ് യുവതി യാത്ര ചെയ്യുന്നതെന്ന സംശയത്തെ തുടർന്നാണ് ഇവർ സ്കൂട്ടർ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സ്കൂട്ടർ തടഞ്ഞ രണ്ടുപേരെ താക്കീത് ചെയ്ത് വിട്ടയച്ചു.
'ഉച്ചക്ക് ഒരു യുവതിയും യുവാവും ഇസ്ലാം നഗറിൽ വന്നു. ചിലർ അവരെ തടയുകയും അവളുടെ ഹിജാബ് അഴിച്ച് മുഖം കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവാവ് ഹിന്ദുവും യുവതി മുസ്ലിമുമാണെന്നും ആളുകൾ വിശ്വസിച്ചതായി സംശയിക്കുന്നു'- പൊലീസ് ഉദ്യോഗസ്ഥനായ ആർ.എസ്. വർമ പി.ടി.ഐയോട് പറഞ്ഞു.
കഴിഞ്ഞ മാസം സഹപ്രവർത്തകയെ ബൈക്കിൽ കയറ്റിയതിന് സദാചാര പൊലീസിങ് നടത്തിയ രണ്ടുപേർ ബംഗളൂരുവിൽ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.