ന്യൂഡൽഹി: മുൻതമിഴ് നാട് മുഖ്യമന്ത്രി ജയലളിത തന്‍റെ അമ്മയാണെന്നും ഇത് തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് യുവതി സുപ്രീംകോടതിയെ സമീപിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന 37 വയസ്സായ അമൃതയാണ് ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയത്. ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അതേസമയം, അച്ചൻ ആരാണെന്ന് പരാതിക്കാരി ഹരജിയിൽ പറയുന്നില്ല.
ജയലളിതയുടെ സഹോദരിയുടെ വളർത്തുപുത്രിയായ അമൃതയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജയലളിതയുടെ മരണത്തിന് ശേഷമാണ് താൻ സത്യമറിഞ്ഞതെന്നും യുവതി പറഞ്ഞു.
1980 ആഗസ്റ്റ് 14ന് മൈലാപൂരിലെ ജയലളിതയുടെ വീട്ടിൽ വെച്ചാണ് താൻ ജനിച്ചതെന്നാണ് അമൃതയുടെ അവകാശവാദം. പരമ്പരാഗതമായ ബ്രാഹ്മണ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന കുടുംബത്തിനുണ്ടാകുന്ന അപമാനത്തെക്കുറിച്ചോർത്ത് തന്‍റെ ജനനം രഹസ്യമാക്കി വെക്കുകയായിരുന്നു.
അമൃതയുടെ അമ്മായിമാരായ എൽ.എസ്. ലളിതയും രഞ്ജിനി രവീന്ദ്രനാഥും കേസിൽ കക്ഷികളാണ്. ജയലളിതയുടെ അർധ സഹോദരിമാരായ ഇവരും അമൃതയുടെ അവകാശവാദം അംഗീകരിച്ചുകൊണ്ടും അമൃതയും ജയലളിതയും തമ്മിലുള്ള ബന്ധം തെളിയിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുമാണ് കോടതിയെ സമീപിച്ചത്.
ജയലളിതയുടെ മൂത്ത സഹോദരി ശൈലജയുടെ വളർത്തുപുത്രിയാണ് അമൃത. 2015ലാണ് ശൈലജ മരിച്ചത്. വൈകാതെ ഇവരുടെ ഭർത്താവ് സാരഥിയും മരിച്ചു. മരണക്കിടക്കയിൽ വെച്ച് സാരഥിയാണ് ജയലളിതയുടെ മകളാണ് അമൃത എന്ന സത്യം വെളിപ്പെടുത്തിയതെന്നും ഹരജിയിൽ പറയുന്നു.
രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് തമിഴകത്തെ തിളങ്ങുന്ന താരമായിരുന്ന ജയലളിതക്ക് ഭൂമിയായും വീടുകളായും ആഭരണങ്ങളായും കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. 2016ൽ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 113 കോടിയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.