കൊൽക്കത്ത: വിശപ്പുകൊണ്ടു വലഞ്ഞ ആ ഗോത്രവർഗ യുവതി കൈക്കുഞ്ഞിനെയുമെടുത്ത് കത്തിക്കാളുന്ന വെയിലിനുകീഴെ സഞ്ചരിെച്ചത്തിയത് 13കിലോമീറ്റർ അകലേക്ക്. ലോക്ഡൗണിൽ തൊഴിലും കൂലിയുമില്ലാതെ വരുമാനം വഴിമുട്ടിയ രാജ്യത്തെ ഗ്രാമീണ ജനതയുടെ പ്രതിനിധിയാണ് മാർഗരറ്റ് ഹൻസ്ദ എന്ന 26കാരി. മൂന്നു മക്കളുടെ മാതാവായ അവർ കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിനായാണ് അലയുന്നത്. പ്രദേശത്തെ ഒരു അരിമില്ലിൽനിന്ന് പുറന്തള്ളുന്ന തവിടിൽനിന്ന് നുറുക്കരി ശേഖരിച്ചാണ് ഈ കുടുംബം കഴിഞ്ഞുപോകുന്നത്. അതും ഇല്ലാതായ അവസ്ഥയിൽ വിശപ്പടക്കാൻ വഴി തേടിയിറങ്ങിയ മാർഗരറ്റിന് ആശ്രയമായത് പൊലീസുകാർ. കുഞ്ഞുമക്കളുടെ വിശപ്പടക്കാൻ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ സഹായ ഹസ്തം നീട്ടിയ നിയമപാലകരോട് കണ്ണീരോടെ നന്ദി പറയുകയാണവർ.
മാർഗരറ്റിെൻറ ഭർത്താവ് ചന്ദൻ തുഡു ബംഗളൂരുവിൽ കുടുങ്ങിക്കിടക്കുകയാണ്. അന്തർ സംസ്ഥാന തൊഴിലാളിയായി ബംഗളൂരുവിലെത്തിയ തുഡുവിന് ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനായില്ല. അതോടെ, മാൾഡ ജില്ലയിൽ ദിയോതല പഞ്ചായത്തിലെ ബനിയാപുകുർ ഗ്രാമത്തിലുള്ള കുടുംബം പട്ടിണിയിലായി.
ഇതേ തുടർന്നാണ് ആറര മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെയുംകൊണ്ട് കഴിഞ്ഞ ദിവസം മാർഗരറ്റ് പുറത്തിറങ്ങിയത്. ‘എന്നെക്കുറിച്ച് എനിക്ക് ഒട്ടും ആശങ്കയില്ലായിരുന്നു. എെൻറ കുട്ടികൾക്ക് രണ്ടുനേരം ഭക്ഷണം കൊടുക്കുകയെന്നതു മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇളയ കുട്ടിക്ക് ആറു മാസമായതേയുള്ളൂ. ഇവനു പുറമേ, മൂന്നര വയസ്സുള്ള മകളും എട്ടുവയസ്സുള്ള മകനും എനിക്കുണ്ട്. ഈ തവിടിൽനിന്ന് നുറുക്കരി പെറുക്കിയെടുത്ത് മക്കൾക്ക് ദിവസം ഒരു നേരം മാത്രമേ ഭക്ഷണം നൽകാനേ കഴിയുന്നുള്ളൂ. കഴിഞ്ഞ കുറച്ചുദിവസമായി ആ വഴിയടഞ്ഞു. കുടുംബത്തിന് റേഷൻ കാർഡില്ലാത്തതിനാൽ അവശ്യ സാധനങ്ങൾ സർക്കാറിൽനിന്ന് ലഭ്യമാകുന്നുമില്ല. മറ്റു മാർഗമില്ലാതായതിനാൽ മൂത്ത രണ്ടു മക്കളെ അയൽക്കാരെ നോക്കാനേൽപിച്ച് ഇളയവനെയുമെടുത്ത് ഞാൻ ഭക്ഷണത്തിന് വക തേടി ഇറങ്ങുകയായിരുന്നു. ഒറ്റ പൈസ പോലും എെൻറ കൈയിലുണ്ടായിരുന്നില്ല’ -മാർഗരറ്റ് പറഞ്ഞു.
കിലോമീറ്ററുകൾ അകലെയുള്ള ഗാസോളിലേക്കാണ് കുഞ്ഞിനെയുമെടുത്ത് മാർഗരറ്റ് നടന്നത്. എന്തെങ്കിലും വഴി തുറക്കുമെന്ന പ്രതീക്ഷകൾെക്കാപ്പം, അവിെട ഉന്നത ഉദ്യോഗസ്ഥരെ കണ്ട് റേഷൻ കാർഡ് ഇല്ലാത്തതിനെക്കുറിച്ചുള്ള ആവലാതികൾ ബോധിക്കാമെന്നും കരുതി. ഏറെ നടന്ന് ഗാസോളിലെത്തിയേപ്പാഴാണ് ഗാസോൾ പൊലീസ് സ്റ്റേഷനരികെ ഒരു പൊലീസ് സംഘത്തിെൻറ ദൃഷ്ടിയിൽപെടുന്നത്. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞതോടെ അവർ മാർഗരറ്റിനെ പൊലീസ് ഓഫിസർ ഹരധൻ ദേവിനടുെത്തത്തിച്ചു. അവരോട് സംസാരിച്ച ശേഷം ദേവ്, ഉടനടി ഭക്ഷ്യധാന്യങ്ങളും പയർ വർഗങ്ങളും എണ്ണയുമൊക്കെ ലഭ്യമാക്കാനുള്ള വഴിയൊരുക്കി.
തൽക്കാലത്തേക്ക് അൽപം ധാന്യം തേടിയിറങ്ങിയ തനിക്ക് കുറച്ചുകാലത്തേക്ക് കഴിയാനുള്ള സാധനങ്ങൾ ലഭിച്ചതോടെ സന്തോഷം കൊണ്ട് മാർഗരറ്റ് കരഞ്ഞുപോയി. ‘ഇത്രയും ദൂരം നടന്നു വന്നതിന് ഫലമുണ്ടായി. രണ്ടാഴ്ചത്തേക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാധനങ്ങൾ ലഭിച്ചു.’ -ആനന്ദാശ്രു പൊഴിച്ച് അവർ പറഞ്ഞു. പൊലീസുകാർ നൽകിയ സാധനങ്ങളും കുഞ്ഞിനെയുമായി ഗ്രാമത്തിലേക്ക് തിരിച്ചുപോകാൻ ബുദ്ധിമുട്ടായ അവസ്ഥയിൽ പൊലീസുകാർ തെന്ന വാഹനവും ഒരുക്കി. സാധ്യമായ എല്ലാ വഴിയുമുപയോഗിച്ച് മാർഗരറ്റിനെയും കുടുംബത്തെയും സഹായിക്കുമെന്നും റേഷൻ കാർഡ് ലഭ്യമാക്കാനുള്ള സഹായം ചെയ്യുമെന്നും മാൾഡ പൊലീസ് സൂപ്രണ്ട് അലോക് രജോരിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.