ന്യൂഡൽഹി: സൈന്യത്തിൽ വനിത ഓഫിസർമാർക്ക് പെർമനൻറ് കമീഷൻ ലഭിക്കുന്നതിന് ശാരീരികക്ഷമത വേണമെന്നത് വിവേചനപരവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി. പെർമനൻറ് കമീഷൻ അനുവദിക്കുന്നതിനുള്ള വാർഷിക രഹസ്യാവലോകന റിപ്പോർട്ടും ശാരീരികക്ഷമതയെന്ന മാനദണ്ഡവും വനിത ഉദ്യോഗസ്ഥരോടുള്ള വിവേചനമാണ്.
പുരുഷന്മാർക്ക് വേണ്ടി പുരുഷന്മാർ തയാറാക്കിയ സാമൂഹിക ഘടനയാണ് ഇവിടെ നിലനിൽക്കുന്നെതന്ന് കോടതി ചൂണ്ടിക്കാട്ടി. സമത്വത്തെ കുറിച്ച പ്രസംഗങ്ങൾ വെറും പ്രഹസനമാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഈ അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പെർമനൻറ് കമീഷൻ അനുവദിക്കണമെന്ന ഹരജിക്കാരുെട ആവശ്യം കോടതി അംഗീകരിച്ചു.
വിരമിക്കുന്നതുവരെ സൈനിക സർവിസിൽ തുടരുന്നതാണ് പെർമനൻറ് കമീഷൻ. നിശ്ചിത കാലാവധിവരെയുള്ള സർവിസാണ് ഷോർട് സർവിസ് കമീഷൻ. സൈന്യത്തിലെ വനിത ഓഫിസർമാർക്ക് പുരുഷന്മാരെപ്പോലെ പെർമനൻറ് കമീഷൻ അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
എന്നാൽ, സ്ത്രീകൾക്ക് ശാരീരിക പരിമിതിയുണ്ടെന്ന് ചുണ്ടിക്കാട്ടി കേന്ദ്ര സർക്കാർ അന്ന് ഇതിനെ എതിർത്തിരുന്നു. 80 വനിത സൈനിക ഓഫിസർമാരാണ് വാർഷിക അവലോകന റിപ്പോർട്ടിനും ശാരീരിക ക്ഷമത എന്ന ആവശ്യത്തിനുമെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിക്കാർ ഏതെങ്കിലും ഔദാര്യത്തിനല്ല, അവകാശത്തിന് വേണ്ടിയാണ് തങ്ങളെ സമീപിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.