ഹാഥറസിലെത്തിയ തൃണമൂൽ വനിത എം.പിമാരെ മർദിച്ച സംഭവം: സബ്​ ഡിവിഷണൽ മജിസ്​ട്രേറ്റിനെതിരെ പരാതി

ലഖ്​നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിന്​ തിരിച്ച തൃണമൂൽ കോൺഗ്രസ്​ വനിത എം.പിമാരോട്​ മോശമായി പെരുമാറിയെന്നാരോപിച്ച്​ ഹാഥറസ്​ സബ്​ഡിവിഷണൽ മജിസ്​ട്രേറ്റിനെ പരാതി നൽകി. മജിസ്​ട്രേറ്റ്​ ​പ്രേം പ്രകാശ്​ മീണക്കെതിരെയാണ്​ പരാതി. ഇദ്ദേഹം വനിത ജനപ്രതിധികളെ തള്ളിയി​ട്ടെന്നും മോശമായി പെരുമാറിയെന്നുമാണ്​ പരാതി.

വെള്ളിയാഴ്​ച ഹാഥറസിലെത്തിയ തൃണമൂൽ കോൺഗ്രസ്​ പ്രതിനിധി സംഘത്തെ പെൺകുട്ടിയുടെ വീടിന്​ ഒന്നര കിലോമീറ്റർ അക​െല വെച്ചാണ് പൊലീസ്​ തടഞ്ഞത്​. സംഘത്തിലുണ്ടായിരുന്ന തൃണമൂൽ എം.പിമാരായ ഡെറിക്​ ഒബ്രിയാ​ൻ, ഡോ. കകോലി ഘോഷ്​, പ്രതിമ മൊണ്ഡാൽ, മുൻ എം.പി മമത താക്കുർ എന്നിവരെ പൊലീസ്​ തടയുകയും മർദിക്കുകയുമായിരുന്നു.

ജനാധിപത്യ സംവിധാനമുള്ള രാജ്യത്ത്​ അതിക്രൂരമായി കൊല​െചയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനുള്ള അവകാശം ജനപ്രതിനിധികൾക്ക​ുണ്ട്​. എന്നാൽ അവരെ തടയുന്നതും മർദിക്കുന്നതും ജനാധിപത്യവിര​ുദ്ധമാണെന്നും വനിത എം.പിമാർ ചാന്ദ്​പ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ വനിത എം.പിമാരെ തള്ളിയി​ട്ടെന്ന വാർത്ത പ്രേം പ്രകാശ്​ മീണ നിഷേധിച്ചു. വനിതാ പൊലീസുകാരാണ്​ എം.പിമാരെ തടഞ്ഞത്​. ഗ്രാമത്തിൽ പ്രവേശിക്കാൻ അനുമതിയില്ലെന്നറിയിച്ചിട്ടും ബലംപ്രയോഗത്തിലൂടെ മുന്നോട്ട്​ പോകാനാണ്​ ശ്രമിച്ചത്​. പൊലീസോ മറ്റ്​ ഉദ്യോഗസ്ഥരോ അവരോട്​ മോശമായി പെരുമാറിയിട്ടില്ലെന്നും മീണ അറിയിച്ചു.

കേസിൽ പ്രത്യേക അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്​. അതിനാൽ ആരെയും ഗ്രാമത്തിലേക്ക്​​ കടത്തിവിടാനാകില്ലെന്നും മീണ അറിയിച്ചു.

വെള്ളിയാഴ്​ച ഉച്ചയോടെ ഹാഥറസിലെത്തിയ തൃണമൂൽ കോൺഗ്രസ്​ സംഘത്തെ യു.പി പൊലീസ്​ തടയുകയും പ്രവർത്തകർക്കെതിരെ ലാത്തിവീശുകയും ചെയ്​തിരുന്നു. എം.പി ഡെറിക്​ ഒബ്രിയാനെ പൊലീസ്​ തള്ളി നിലത്തിടുകയും മർദിക്കുകയും ചെയ്​തരുന്നു.

വ്യാഴാഴ്​ച ഹാഥറസിലേക്ക്​ തിരിച്ച കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. ഇന്ന്​ വീണ്ടും ഹാഥറസിലെത്തുമെന്ന്​ കോൺഗ്രസ്​ നേതാക്കൾ അറിയിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.