ന്യൂഡൽഹി: ക്രിസ്ത്യൻ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമീഷൻ. ഇൗ ശിപാർശ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ.
ചർച്ചുകളിൽ കുമ്പസാരം നിരോധിക്കണമെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നൽകിയ ശിപാർശയിലാണ് ദേശീയ വനിതാ കമീഷൻ ആവശ്യം മുന്നോട്ടുവെച്ചത്. ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിനെതിരേ കന്യാസ്ത്രീ നൽകിയ പരാതിയും കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നാല് ഒാർത്തഡോക്സ് വൈദികർ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്യുന്നതിലേക്ക് കുമ്പസാരം വഴിവെക്കും. മതപരമായ കാര്യം എന്നതിലുപരി സ്ത്രീകളുടെ സുരക്ഷയാണ് പ്രധാനമെന്ന് ദേശിയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. കേരളത്തിൽ ക്രിസ്ത്യൻ പുരോഹിതർ പ്രതികളായ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയാണ്. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ് കുമ്പസാരംതന്നെ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ നല്‍കിയത്.
ജലന്ധർ ബിഷപ്പ് പ്രതിയായ കേസിൽ കേരള, പഞ്ചാബ് സർക്കാറുകൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച് അടുത്തദിവസം പഞ്ചാബ് ഡി.ജി.പിയെ കാണും. ഓർത്തഡോക്സ് വൈദികർ പ്രതികളായ കേസിലും ജലന്ധറിലെ കേസിലും 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. പീഡനത്തിന് ഇരയായവർക്ക് ജോലിയും സുരക്ഷിതത്വവും സംസ്ഥാന സർക്കാർ ഉറപ്പുനൽകണമെന്നും കമീഷൻ നിർദേശിച്ചു.
എന്നാൽ, മതപരമായ വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെടുകയാണ് ഇത്തരമൊരു ശിപാർശയിലൂടെ വനിതാ കമീഷൻ ചെയ്യുന്നതെന്ന് ന്യൂനപക്ഷ കമീഷൻ അംഗം ജോർജ് കുര്യൻ പറഞ്ഞു. ഇത്തരമൊരു നിർദേശം നടപ്പാക്കുന്നതിനെ ന്യൂനപക്ഷ കമീഷൻ എതിർക്കും. സമൂഹത്തിൽ തെറ്റായ പലതും നടക്കുന്നുണ്ട്. കുമ്പസാര രഹസ്യം ചില വൈദികർ ദുരുപയോഗിച്ചുവെന്നതിെൻറ പേരിൽ മതപരമായ അനുഷ്ഠാനം നിർത്തലാക്കാൻ പറ്റില്ല.
പിതാവ് മകളെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങൾ അപൂർവമായെങ്കിലും നടക്കുന്നുണ്ട്. അധ്യാപകൻ വിദ്യാർഥിനിയെ മാനഭംഗംചെയ്യുന്ന സംഭവങ്ങളുമുണ്ട്. അതിെൻറ പേരിൽ പിതാവും മകളും ഒരുമിച്ചു താമസിക്കരുത്, അധ്യാപകൻ പെൺകുട്ടികൾക്ക് ക്ലാസ് എടുക്കരുത് എന്ന് പറയുന്നതിനു സമാനമാണ് ദേശീയ വനിതാ കമീഷെൻറ ശിപാർശയെന്ന് ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. ഒരു കമീഷനെതിരെ മറ്റൊരു കമീഷൻ അഭിപ്രായം പ്രകടിപ്പിക്കുന്നതു ശരിയല്ല. എങ്കിലും ഇൗ വിഷയത്തിൽ വിയോജിപ്പ് പറയാതിരിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.