വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പഴയ ബിൽ നിലവിലുണ്ടെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ബില്ലായി ലോക്സഭയിൽ വനിത സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാളാണ് ബിൽ അവതരിപ്പിച്ചത്.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതാണ്. 128ാം ഭരണഘടന ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യദിന സമ്മേളനത്തിലെ അജണ്ടയിൽ വനിത സംവരണ ബിൽ ഉൾപ്പെടുത്തിയിരുന്നു. ബുധനാഴ്ച ബിൽ ലോക്സഭ പാസാക്കും.

വ്യാഴാഴ്ച ബില്ലിൻമേൽ രാജ്യസഭയിൽ ചർച്ച നടക്കും. വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകിയിരുന്നു. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്‍റെയും ശക്തമായ എതിർപ്പിൽ ബിൽ‍ ലോക്സഭ കണ്ടില്ല. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എ മാര്‍ ഉണ്ടാകും.

ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം ലോക്സഭയിൽ ബഹളം വെക്കുകയാണ്. രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. എന്നാൽ, 2014ൽ ആ ബിൽ അസാധുവായെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 

Tags:    
News Summary - Women's reservation bill proposes 181 reserved seats in LS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.