ന്യൂഡൽഹി: പെഗസസ് വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ചോർത്തൽ നടന്നോ ഇല്ലയോ എന്ന് അന്വേഷിക്കാൻ സർക്കാറുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം അറിയിച്ചു.
'ഒരു പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചോ ഇല്ലയോ എന്ന് സത്യവാങ്മൂലത്തിലൂടെ പൊതു സംഭാഷണ വിഷയമാക്കാൻ സാധിക്കില്ല. ഏത് സോഫ്റ്റ്വെയറാണ് ഉപയോഗിച്ചതെന്ന് ചില പ്രത്യേക സംഘങ്ങളോ ഭീകര സംഘടനകളോ അറിയാൻ പാടില്ല' -സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ പറഞ്ഞു.
'ഞങ്ങൾ വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കും. തങ്ങളുടെ നമ്പർ ചോർത്തിയെന്ന് ആരോപിക്കുന്നവരുടെ പരാതി അന്വേഷിക്കാം. കമ്മിറ്റി റിപ്പോർട്ട് കോടതിയുടെ മുമ്പിൽവെക്കാം' -സോളിസിറ്റർ ജനറൽ പറഞ്ഞു.
എന്നാൽ പെഗസസ് ഉപയോഗിച്ച് ചോർത്തൽ സംബന്ധിച്ച രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ നിയമവിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. പെഗസസ് വിഷയത്തിൽ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ വസ്തുതകളും വിവരങ്ങളും വെളിപ്പെടുത്തേണ്ടത് കേന്ദ്രത്തിന്‍റെ കടമയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാമിന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ കോടതിയിൽ പറഞ്ഞു. മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ സർക്കാറും പരാതിക്കാരും കോടതിയുടെ കണ്ണും കാതുമാകണമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ നിങ്ങളോട് ഒന്നും പറയില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന കാര്യം വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയുടെ കാര്യമല്ല. എന്നാൽ പെഗസസ് ഉപയോഗിക്കുകയും അവരുടെ ലക്ഷ്യം സാധാരണക്കാരാകുകയും ചെയ്യുന്നത് വളരെ ഗുരുതരമാണ്' -സിബൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.