ന്യൂഡൽഹി: മധ്യപ്രദേശിൽ ബി.ജെ.പി നടത്തുന്ന ജൻ ആശിർവാദ് യാത്രയിൽ പങ്കെടുക്കാൻ ബി.ജെ.പി ക്ഷണിക്കാത്തതിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ക്ഷണിച്ചാലും താൻ പരിപാടിക്ക് പോകില്ലെന്നാണ് ഇപ്പോൾ ഉമാഭാരതിയുടെ പ്രതികരണം.
''ജൻ ആശിർവാദ് യാത്രയിലേക്ക് ആദ്യം ക്ഷണം ലഭിച്ചില്ല എന്നത് ശരിയാണ്. ക്ഷണിച്ചാലും ഇല്ലെങ്കിലും അതെന്നെ ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യുന്നില്ല. എന്നെ ക്ഷണിച്ചാൽ പോലും ഞാൻ പരിപാടിക്ക് പോകില്ല. സെപ്റ്റംബർ 25ന് നടക്കുന്ന സമാപന ചടങ്ങിലും ഞാൻ പങ്കെടുക്കില്ല.''-എന്നാണ് ഉമാഭാരതി സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്.
''ഞാൻ അവിടെയുണ്ടെങ്കിൽ ശ്രദ്ധ മുഴുവൻ എന്നിലേക്കാകുമെന്ന് ബി.ജെ.പി നേതാക്കൾ ഭയപ്പെടുന്നു. 2020ൽ സർക്കാർ രൂപീകരിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ അവരെ സഹായിച്ചെങ്കിൽ, 2003ൽ വലിയ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ സഹായിച്ചത് ഞാനാണ്. ജ്യോതിരാദിത്യ സിന്ധ്യയെ എന്‍റെ മരുമകനെ പോലെയാണ് കാണുന്നത്. യാത്രയിലേക്ക് എന്നെ ക്ഷണിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചെങ്കിലും ചിന്തിക്കണമായിരുന്നു. ഞാൻ അവിടേക്ക് പോകില്ല. പക്ഷേ, വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി വോട്ട് അഭ്യർഥിക്കുകയും പ്രചരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.''-എന്നാണ് ഉമാഭാരതി കഴിഞ്ഞ ദിവസം പറഞ്ഞത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഞായറാഴ്ചയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 30ൽ 24 സീറ്റും ബി.ജെ.പി നേടിയ മധ്യപ്രദേശിലെ വിന്ധ്യ മേഖലയിലൂടെയാണ് യാത്ര കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.