അഗർത്തല: പാർട്ടി അധ്യക്ഷ സ്ഥാനത്തിൽ നിന്ന് പിന്മാറ്റം അറിയിച്ച് തിപ്ര മോത്ത നേതാവും രാജകുടുംബാംഗവുമായ പ്രദ്യുത് ദേബ് ബർമൻ. പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിനിടെയായിരുന്നു പ്രഖ്യാപനം. പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തുനിന്നും മാറിയെങ്കിലും സാധാരണ പ്രവർത്തകനായി പാർട്ടിയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം. കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നില്ല. തന്‍റെ കുടുംബത്തിലെ ആരും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനെത്തില്ല. ബി. കെ ഹ്രാങ്ഖാൾ ആയിരിക്കും പാർട്ടിയെ നയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
"തിപ്ര മോത്ത പാർട്ടിയുടെഅധ്യക്ഷനെന്ന നിലയിലുള്ള എന്‍റെ കാലാവധി അവസാനിക്കുകയാണ്. പുനർ നിയമനത്തിന് ഞാൻ ആവശ്യപ്പെടുന്നില്ല. പാർട്ടിയുടെ ഭരണഘടന പ്രകാരം അധ്യക്ഷ സ്ഥാനമാണ് പാർട്ടിയുടെ പരമോന്നത പദവി. തിപ്ര മോത്തയുടെ ബി.കെ ഹ്രാങ്ഖാൾ പാർട്ടിയെ ഇനി നയിക്കും. ഞാൻ പാർട്ടിയോടൊപ്പം ഒരു സാധാരണ പ്രവർത്തകനായി തുടരും.
പാർട്ടിയെയും വിഭാഗത്തെയും നയിക്കാനുള്ള അധികാരം എന്നിൽ ഏൽപിച്ചതിന് നന്ദി പറയുന്നു. കുടുംബ വാഴ്ചയിലോ രാഷ്ട്രീയത്തിലോ ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് എന്‍റെ കുടുംബത്തിലെ ആരും പാർട്ടിയുടെ ഒരു സ്ഥാനവും ഏറ്റെടുക്കില്ല" - പ്രദ്യുത് ദേബ് ബർമൻ വ്യക്തമാക്കി. ഒറ്റക്കെട്ടായി നിന്ന് പാർട്ടിയുടെ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും സ്ഥാനമാനങ്ങൾക്ക് വേണ്ടിയാവരുത് പാർട്ടി പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിനിടെ താൻ ക്ഷീണിതനാണെന്നും ഇനി കുടുംബത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും പറഞ്ഞിരുന്നു. അഞ്ചര വർഷമായി ത്രിപുരയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കിയാണ് ഇക്കാലമത്രയും ഓരോ പാർട്ടിക്ക് വേണ്ട ഓരോ കാര്യവും ചെയ്തത്. വീട്ടിൽ പ്രായമായ ഒരു അമ്മയുണ്ട്, കുടുംബമുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനങ്ങൾ പുതിയ അധ്യക്ഷന് കീഴിൽ നിന്ന് കൊണ്ട് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിപ്ര മോത്തയാണ് ഗ്രേറ്റർ തിപ്ര ലാൻഡ് എന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും ഇതിന് വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു. നേരത്തെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഗ്രേറ്റർ തിപ്ര ലാൻഡിനായുള്ള ആവശ്യം ശക്തമാക്കുമെന്ന് ദേബ് ബർമൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.